പൗരത്വ നിയമത്തിന് എതിരായ പ്രമേയങ്ങള്‍ രാഷ്ട്രീയക്കളി മാത്രം; സമ്മതിച്ച് ശശി തരൂരും!

പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രമേയങ്ങള്‍ പാസാക്കുന്ന സംസ്ഥാനങ്ങളുടേത് രാഷ്ട്രീയ നിലപാട് മാത്രമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. എന്നാല്‍ പൗരത്വം അനുവദിക്കുന്നതില്‍ യാതൊരു പങ്കുമില്ലാത്ത സംസ്ഥാനങ്ങള്‍ക്ക് ഇതില്‍ അപ്പുറം ചെയ്യാനില്ലെന്ന് തരൂര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ദേശീയ ജനസംഖ്യ രജിസ്റ്ററും, ദേശീയ പൗരത്വ രജിസ്റ്ററും നടപ്പാക്കിയാല്‍ ഇതില്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രധാന പങ്കുവഹിക്കാനുണ്ട്. കാരണം സംസ്ഥാനങ്ങളുടെ ഉദ്യോഗസ്ഥരാണ് വിവരശേഖരണത്തിന് ഇറങ്ങേണ്ടത്. ഇതിന് പകരംവെയ്ക്കാനുള്ള ഉദ്യോഗസ്ഥശേഷി കേന്ദ്രത്തിനില്ല.

‘പൗരത്വ നിയമത്തില്‍ പ്രമേയം പാസാക്കാം, കോടതിയില്‍ പോകാം. പക്ഷെ യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് എന്താണ് ചെയ്യാനുള്ളത്? സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സിഎഎ നടപ്പാക്കില്ലെന്ന് പറയാന്‍ കഴിയില്ല, എന്‍പിആര്‍, എന്‍ആര്‍സി എന്നിവ നടപ്പാക്കില്ലെന്ന് ഇവര്‍ക്ക് പറയാം, കാരണം ഇതില്‍ സുപ്രധാന പങ്ക് സംസ്ഥാനങ്ങള്‍ക്കുണ്ട്’, ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

സിഎഎ നടപ്പാക്കാന്‍ കഴിയില്ലെന്ന് സംസ്ഥാനങ്ങള്‍ പറയാന്‍ അവകാശമില്ലെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും പ്രസ്താവിച്ച് നേരത്തെ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ വിവാദത്തില്‍ പെട്ടിരുന്നു. എന്നാല്‍ പിന്നീട് നിലപാട് മാറ്റിയ സിബല്‍ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കി. കോണ്‍ഗ്രസ് ഭരണത്തിലുള്ള പഞ്ചാബില്‍ സിഎഎയ്ക്ക് എതിരെ പ്രമേയം പാസാക്കിയിരുന്നു. കേരളം പാസാക്കിയ പ്രമേയത്തെ പിന്തുണച്ചായിരുന്നു ഇത്.

Top