യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന് സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ പ്രമേയം

തിരുവനന്തപുരം: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരായ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെ നാട്ടിലെത്തിക്കണമെന്ന് സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ പ്രമേയം. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ ബങ്കറുകളില്‍ ഗത്യന്തരമില്ലാതെ അഭയം തേടിയിരിക്കുകയാണ്. പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും ബുദ്ധിമുട്ടുന്ന സാഹചര്യം നിലനില്‍ക്കുകയാണ്. ഇരു രാജ്യങ്ങളിലെയും സൈന്യങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഭാഗമായി ഇവരുടെ ജീവന്‍ പോലും ഭീഷണി നേരിടുകയാണെന്ന് പ്രമേയ കമ്മറ്റിക്ക് വേണ്ടി എം വിജയകുമാര്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറഞ്ഞു.

”ഉക്രൈന്‍ നഗരങ്ങളില്‍ നിന്ന് മറ്റു അയല്‍ രാജ്യങ്ങളിലേക്ക് പോലും യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. വ്യോമഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ യുക്രൈന്‍ അധികൃതരുമായും അയല്‍ രാജ്യങ്ങളിലെ സര്‍ക്കാരുകളുമായും അടിയന്തിര ചര്‍ച്ച നടത്തി വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പടെ സുരക്ഷിതപാത ഒരുക്കുന്നതിന് ഇന്ത്യാ ഗവണ്‍മെന്റിന്റെ കൂടുതല്‍ ജാഗവത്തായ ഇടപെടല്‍ ഉണ്ടാവേണ്ടതുണ്ട്.

റഷ്യ- ഉക്രൈയിന്‍ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ തുറന്ന ഏറ്റുമുട്ടല്‍ ആരംഭിക്കുന്നതിന് മുമ്പ്, ഇന്ത്യന്‍ വംശജരെ രാജ്യത്ത് എത്തിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ജാഗ്രത കാണിച്ചില്ലെന്ന പരാതി വ്യാപകമായുണ്ട്.”

”കേരളീയരായ വിദ്യാര്‍ത്ഥികള്‍ യാതന നേരിടുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, വിദേശകാര്യ വകുപ്പ് മന്ത്രിക്ക് കത്തെഴുതുകയും, മന്ത്രിയുമായി സംസാരിക്കുകയും ചെയ്തു. തുടര്‍ച്ചയായ ഇടപെടല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നുണ്ട്. ഇപ്പോഴത്തെ ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് അടിയന്തിര ഇടപെടല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം.”പ്രമേയത്തില്‍ പറയുന്നു.

Top