കമ്മ്യൂണിസത്തിനെതിരായ പ്രമേയം; സമസ്തയെ ഹൈജാക്ക് ചെയ്യാന്‍ ലീഗ് ശ്രമിക്കുന്നുവെന്ന് അബ്ദുറഹ്മാന്‍

മലപ്പുറം: കമ്മ്യൂണിസത്തിനെതിരായ സമസ്ത സമ്മേളനത്തിലെ പ്രമേയത്തിന്റെ പേരില്‍ മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് മന്ത്രി വി അബ്ദുറഹ്മാന്‍ രംഗത്ത്. സമസ്തയെ ഹൈജാക്ക് ചെയ്യാന്‍ ലീഗ് ശ്രമിക്കുന്നുവെന്ന് അബ്ദുറഹ്മാന്‍ അഭിപ്രായപ്പെട്ടു. കമ്മ്യൂണിസത്തിനെതിരായ സമസ്ത സമ്മേളനത്തിലെ പ്രമേയം ഇതിന്റെ ഭാഗമായുള്ളതാണെന്ന് മന്ത്രി ചൂണ്ടികാട്ടി.

സമസ്ത വേദികള്‍ രാഷ്ട്രീയ പ്രചാരണത്തിനായി ലീഗ് ഉപയോഗിക്കുന്നുവെന്നും ഇത് സമസ്ത നേതാക്കള്‍ തിരിച്ചറിയുന്നുണ്ടെന്നും അബ്ദുറഹ്മാന്‍ വിശദീകരിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയന് മുസ്ലിം ലീഗിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കമ്മ്യൂണിസത്തെ തള്ളിക്കൊണ്ട് സമസ്ത പാസാക്കിയ പ്രമേയം തന്റെ അറിവോടെയുള്ളതല്ലെന്ന് വ്യക്തമാക്കി സമസ്ത അധ്യക്ഷന്‍ ജിഫ്രിമുത്തുക്കോയ തങ്ങളും രംഗത്തെത്തി. കമ്മ്യൂണിസവുമായി സഹകരിക്കുന്നതില്‍ മുസ്ലിം സമൂഹം ജാഗ്രത പുലര്‍ത്തണം എന്നുള്ള പ്രമേയം അവതരിപ്പിച്ചത് തന്റെ അറിവോ സമ്മതമോ ഇല്ലാതെയെന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി. ഇതോടെ സമസ്തയും മുസ്ലീം ലീഗുമായി ബന്ധപ്പെട്ട ഉയരുന്ന വിവാദങ്ങള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയാവാനാണ് സാധ്യത.

ഭരിക്കുന്ന സര്‍ക്കാരുമായി സഹകരിച്ചു പോകുകയെന്നതാണ് നയമെന്ന് സമസ്ത സംസ്ഥാന പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കിയ അതേ സമ്മേളനത്തിലാണ് കമ്മ്യൂണിസത്തിനെതിരെ പ്രമേയം പാസാക്കിയത്. പ്രമേയ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വലിയ ചര്‍ച്ചയായി അത് മാറുകയായിരുന്നു.

Top