സിഎജിക്കെതിരായ പ്രമേയം ശബ്ദവോട്ടോടെ പാസാക്കി

തിരുവനന്തപുരം: സിഎജിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയം സഭ ശബ്ദവോട്ടോടെ പാസാക്കി. കിഫ്ബിക്ക് എതിരായ റിപ്പോര്‍ട്ട് വഴി സിഎജി സംസ്ഥാന സര്‍ക്കാരിന് മേല്‍ അനാവശ്യമായി കടന്നുകയറുന്നുവെന്നാണ് വിമര്‍ശനം.

ചട്ടം 118 പ്രകാരമാണ് പ്രമേയം അവതരിപ്പിച്ചത്. സര്‍ക്കാര്‍ വിശദീകരണം കേള്‍ക്കാതെ റിപ്പോര്‍ട്ടില്‍ കൂട്ടിചേര്‍ക്കല്‍ നടത്തിയെന്നാണ് വിമര്‍ശനം. റിപ്പോര്‍ട്ടിലെ മൂന്ന് പേജുകള്‍ നിരാകരിക്കും.

സര്‍ക്കാര്‍ ഭാഗം കേള്‍ക്കാതെയാണ് സിഎജി റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ഇത് തെറ്റായ കീഴ്‌വഴക്കമാണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. തെറ്റായ കീഴ്‌വഴക്കത്തിന് കൂട്ടുനിന്നുവെന്ന അപഖ്യാതി സഭയ്ക്ക് ഉണ്ടാകരുതെന്നും അത് കൊണ്ടാണ് പ്രമേയം കൊണ്ട് വരുന്നതെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

എന്നാല്‍ പ്രമേയം അവതരിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തു. റിപ്പോര്‍ട്ടിലെ ഭാഗം നിരാകരിക്കാന്‍ നിയമസഭയ്ക്ക് അധികാരമില്ലെന്നും റിപ്പോര്‍ട്ട് സഭയില്‍ വച്ചാല്‍ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് വിടുകയാണ് പതിവെന്നും സതീശന്‍ ഓര്‍മ്മിപ്പിച്ചു. പിഎസിക്കുള്ള അധികാരം സഭക്ക് ഇല്ല. സിഎജിയുടെ ഭാഗം കേട്ട ശേഷം മാത്രമേ ചില ഭാഗങ്ങള്‍ ഒഴിവാക്കാവൂവെന്നും കീഴ്‌വഴക്കം ലംഘിക്കുന്നതും ഭരണഘടന വിരുദ്ധവുമാണ് പ്രമേയമെന്നും സതീശന്‍ സഭയില്‍ പറഞ്ഞു.

 

Top