പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ പ്രമേയം പാസാക്കി പശ്ചിമ ബംഗാളും

കൊല്‍ക്കത്ത: കേരളത്തിനും പഞ്ചാബിനും രാജസ്ഥാനും പിന്നാലെ പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ പ്രമേയം പാസാക്കി പശ്ചിമ ബംഗാളും. ബംഗാളില്‍ പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യ രജിസ്റ്ററും നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.

സമാധാനപരമായ പ്രതിഷേധം തുടരും. പൗരത്വ നിയമ ഭേദഗതി പ്രകാരം പൗരത്വം ലഭിക്കണമെങ്കില്‍ വിദേശിയാകണം എന്ന സ്ഥിതിയാണ്. ഭീകരമായ അവസ്ഥയാണിത്. ജനങ്ങളെ അത് മരണത്തിലേക്ക് തള്ളിവിടും. അത്തരത്തിലുള്ള കെണിയില്‍ വീഴില്ലെന്നും മമത പറഞ്ഞു. തടങ്കല്‍ പാളയങ്ങള്‍ അടക്കമുള്ളവ അംഗീകരിക്കാനാവില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു.

രാജ്യം വിട്ടുപോകേണ്ടി വരുമോയെന്ന ആശങ്കയിലാണ് ജനങ്ങള്‍. ജനിക്കാതിരുന്നുവെങ്കില്‍ നന്നായിരുന്നു എന്നുപോലും ചിന്തിക്കേണ്ടി വരുന്ന അവസ്ഥയാണിത്. വിവിധ കാര്‍ഡുകള്‍ക്കുവേണ്ടി ജനം ക്യൂ നില്‍ക്കുകയാണെന്നും മമത ആരോപിച്ചു. പൗരത്വ നിയമ ഭേദഗതിയിലൂടെ ആദ്യമായി മതം പൗരത്വം ലഭിക്കുന്നതിനുള്ള മാനദണ്ഡമായി മാറി. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും മമത കുറ്റപ്പെടുത്തി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ആദ്യം കേരള നിയമസഭയാണ് പ്രമേയം പാസാക്കിയത്. നിയമഭേദഗതി പിന്‍വലിക്കണമെന്ന് പ്രമേയത്തിലൂടെ കേരള നിയമസഭ ആവശ്യപ്പെട്ടിരുന്നു. പൗരത്വ ഭേദഗതി മത വിവേചനത്തിന് ഇടയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറഞ്ഞു. പിന്നീട് കേരളത്തിന്റെ മാതൃക സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 11 മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതി. തുടര്‍ന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ് നിയമസഭയും രാജസ്ഥാനും പ്രമേയം പാസാക്കിയിരുന്നു.

Top