കലാപരമായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള പ്രതിരോധം കുറഞ്ഞുവരുന്നതായി കാണപ്പെടുന്നുവെന്ന് സംവിധായകന്‍ ജിയോ ബേബി. തമിഴ് സിനിമ ‘അന്നപൂരണി’ക്കെതിരെ ഏര്‍പ്പെടുത്തിയ സ്ട്രീമിംഗ് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ കലാസ്വാതന്ത്ര്യം അപകടത്തിലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ടീയവും മതപരവുമായ’ സെന്‍സര്‍ഷിപ്പില്‍ താന്‍ അസ്വസ്ഥനാണെന്നും ജിയോ ബേബി പറഞ്ഞു. പിടിഐയോടാണ് ജിയോ ബേബിയുടെ പ്രതികരണം. ‘നിര്‍ഭാഗ്യവശാല്‍, ചിലര്‍ അതിന് വഴങ്ങുകയാണ്, അടുത്തിടെ സിനിമ പിന്‍വലിച്ചത് പോലെ. ഫലത്തില്‍, തങ്ങള്‍ ഒരു കുറ്റകൃത്യമോ മറ്റോ ചെയ്തുവെന്ന് അവര്‍ അംഗീകരിക്കുകയാണ്. ഇത് സിനിമയ്‌ക്കോ കലാകാരനോ സമൂഹത്തിനോ നല്ലതല്ല.
‘ഡിസംബര്‍ ഒന്നിനാണ് അന്നപൂരണി തിയേറ്ററുകളില്‍ എത്തിയത്. കാര്യമായ ചലനമുണ്ടാക്കാതെ പോയ സിനിമ ഡിസംബര്‍ 29ന് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചു. തുടര്‍ന്ന് മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയായിരുന്നു. നിരവധിപേര്‍ പരാതികളുമായി രംഗത്തുവരികയും പല സംസ്ഥാനങ്ങളിലും പൊലീസ് കേസുകള്‍ ഫയല്‍ ചെയ്യുകയും ചെയ്തതോടെ ചിത്രം നെറ്റ്ഫ്‌ലിക്‌സ് പിന്‍വലിച്ചു.
പിന്നാലെ ക്ഷമ ചോദിച്ച് ചിത്രത്തിലെ നായികയായ നയന്‍താര രംഗത്തുവരികയായിരുന്നു. ‘ജയ് ശ്രീ റാം’ തലക്കെട്ടോടെ ആരംഭിക്കുന്ന കുറിപ്പില്‍ താന്‍ തികഞ്ഞ ദൈവ വിശ്വാസിയാണെന്നും ആരുടെയും വിശ്വാസത്തെ ഹനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും നയന്‍താര പറഞ്ഞു. സെന്‍സര്‍ ബോര്‍ഡ് അനുമതിയുള്ള ചിത്രം ഒടിടിയില്‍ എത്തുമ്പോള്‍ വിവാദമാകുമെന്ന് കരുതിയില്ല. താനും സിനിമയുടെ മറ്റ് അണിയറപ്രവര്‍ത്തകരും ആരുടേയും മതവികാരങ്ങളെ വൃണപ്പെടുത്തണമെന്ന് ചിന്തിച്ചിട്ടില്ലെന്നും താരം പറഞ്ഞു. ഇന്‍സ്റ്റഗ്രാം പേജിലൂടെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിലാണ് നയന്‍താര ക്ഷമാപണക്കുറിപ്പ് പങ്കുവെച്ചത്.