കോണ്‍ഗ്രസ്സിനുള്ളില്‍ വീണ്ടും രാജി; ശാന്തമ്പാറ ബ്ലോക്ക് ജനറല്‍ സെക്രട്ടറി സിപിഎമ്മിലേക്ക്

ഇടുക്കി: ശാന്തമ്പാറയിലും കോണ്‍ഗ്രസ്സിനുള്ളില്‍ രാജി. അംഗന്‍വാടി എംപ്ലോയേഴ്സ് ഫെഡറേഷന്‍ സംസ്ഥാന ട്രഷറും ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പി എസ് ഫാത്തിമ രാജിവച്ച് സി പി എമ്മില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് സ്ത്രീകള്‍ക്ക് സംരക്ഷണവും പരിഗണനയും നല്‍കുന്നില്ലെന്നാരോപിച്ചാണ് രാജി.

അംഗന്‍വാടി എംപ്ലോയേഴ്സ് ഫെഡറേഷന്‍ സംസ്ഥാന ട്രഷര്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി ജനറല്‍ സെക്രട്ടറി, ഐഎന്‍ടിയുസി റീജനല്‍ സെക്രട്ടറി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസിലെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളും പ്രാഥമിക അംഗത്വവും രാജിവെച്ചെന്നും ഇനിമുതല്‍ സിപിഎമ്മിനൊപ്പം നിന്ന് ഇടതുപക്ഷത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്നും ഫാത്തിമ അറിയിച്ചു. ശാന്തമ്പാറ ഏരിയാ കമ്മിറ്റി ഓഫിസിലെത്തിയ ഫാത്തിമയ്ക്ക് പതാക കൈമാറി പ്രവര്‍ത്തകര്‍ സ്വീകരിച്ചു.

കോണ്‍ഗ്രസിന്റെ സര്‍വ നാശത്തിന്റെ സൂചനയാണ് കേരളത്തിന്റെ വിവിധ മേഖലകളിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജിവച്ച് ഇടതുപക്ഷത്തിന്റെ ഭാഗമായി മാറുന്നതെന്നും സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം വി എന്‍ മോഹനന്‍ പറഞ്ഞു.

ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ പ്രാദേശിക നേതൃത്വത്തോടുള്ള എതിര്‍പ്പ് മൂലം നിരവധി പ്രവര്‍ത്തകര്‍ സി പിഎമ്മിനൊപ്പം ചേര്‍ന്ന് ഇടതുപക്ഷത്തേക്ക് എത്തുന്നുണ്ടെന്നും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു. എന്നാല്‍ ഫാത്തിമ്മയുടെ രാജിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

Top