‘Resigned’: Karnataka women Police Officer’s Facebook Post Creates Storm

ബാംഗ്ലൂര്‍: മന്ത്രി ഫോണില്‍ വിളിച്ചപ്പോള്‍ പ്രതികരിച്ചില്ലെന്നാരോപിച്ച് രണ്ടുതവണ സ്ഥലംമാറ്റപ്പെട്ട വനിതാ പൊലീസ് ഓഫിസര്‍ അധികാരഗര്‍വിനു മുന്നില്‍ മുട്ടുമടക്കാനില്ലെന്നും വ്യക്തമാക്കി ജോലി രാജിവച്ചു.

പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് അനുപമ ഷേണായിയായാണ് ഫേസ്ബുക്കിലൂടെ തന്റെ രാജിവാര്‍ത്ത ലോകത്തെ അറിയിച്ചത്. ‘ഞാന്‍ രാജിവയ്ക്കുകയാണ്, നിങ്ങള്‍ എപ്പോഴാണ് രാജിവെക്കുന്നത് പരമേശ്വര്‍ നായിക്?’ എന്നാണ് അനുപമയുടെ ഫേസ്ബുക്ക് പോസ്റ്റ്.

കര്‍ണാടക തൊഴില്‍മന്ത്രി പി.ടി പരമേശ്വര നായിക്കിന്റെ ഫോണ്‍ അറ്റന്റ് ചെയ്യാതിരുന്നതാണ് വനിതാ പൊലിസ് ഓഫിസര്‍ക്ക് വിനയായത്. മാഫിയക്കും രാഷ്ട്രീയക്കാര്‍ക്കും വഴങ്ങാതെ ജോലി രാജിവെക്കുകയാണ് അനുപമ.

കര്‍ണാടക സിവില്‍ സര്‍വീസിലെ 2010 ബാച്ചിലെ ഉദ്യോഗസ്ഥയായ അനുപമ മദ്യമാഫിയക്കും മണല്‍ മാഫിയക്കുമെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചത്. ബെല്ലാരിയിലെ കുഡ്‌ലിഗി ഡി.വൈ.എസ്.പിയായിരുന്ന അനുപമ കുഡ്‌ലിഗി നഗരത്തിലെ അംബേദ്ക്കര്‍ ഭവനിലേക്കുള്ള വഴിയിലെ മദ്യവില്‍പന തടഞ്ഞതോടെയാണ് മദ്യമാഫിയ അനുപമക്കെതിരെ നീക്കങ്ങളാരംഭിച്ചത്.

മദ്യമാഫിയയിലെ ചിലരെ അറസ്റ്റു ചെയ്തപ്പോള്‍ തൊഴില്‍ മന്ത്രി പരമേശ്വര്‍ നായിക് വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാത്തത് വിവാദമായിരുന്നു. അറസ്റ്റിന്റെ തിരക്കിലായിരുന്നതിനാലാണ് ഫോണെടുക്കാതിരുന്നതെന്നായിരുന്നു അനുപമയുടെ വിശദീകരണം. മന്ത്രി ഇടപെട്ട് അനുപമയെ സ്ഥലംമാറ്റിയെങ്കിലും ജനങ്ങളുടെ പ്രതിഷേധം ഉയര്‍ന്നതോടെ സ്ഥലം മാറ്റം റദ്ദാക്കിയിരുന്നു.

Top