എംഎല്‍എമാരുടെ രാജി;തീരുമാനം എടുക്കാന്‍ സാവകാശം വേണമെന്ന് കോടതിയോട് സ്പീക്കർ

ന്യൂഡല്‍ഹി: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ വിമത എംഎല്‍എമാരുടെ രാജിക്കത്തുകളില്‍ തീരുമാനം എടുക്കാന്‍ സാവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍ സുപ്രീംകോടതിയില്‍. രാജി കത്തുകളില്‍ ഒരു ദിവസം കൊണ്ട് തീരുമാനം എടുക്കാനാകില്ലെന്നാണ് കര്‍ണാടക സ്പീക്കര്‍ സുപ്രീംകോടതിയെ അറിയിച്ചത്.

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വിമത എംഎല്‍എമാര്‍ ഇന്ന് സ്പീക്കര്‍ക്ക് മുന്നില്‍ നേരിട്ടെത്തി രാജി സമര്‍പ്പിക്കണമെന്നാണ്‌ സുപ്രീംകോടതി നിര്‍ദേശിച്ചത്. എന്നാല്‍ സുപ്രീംകോടതിയുടെ അഭ്യര്‍ത്ഥന പ്രായോഗികമല്ലെന്നും ഭരണഘടനാ വിരുദ്ധമാകുമെന്നുമാണ് സ്പീക്കറുടെ വാദം.

ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിനെയാണ് സ്പീക്കര്‍ സമീപിച്ചത്.അടിയന്തരമായി കേസ് പരിഗണിക്കണമെന്ന സ്പീക്കറുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. സ്പീക്കറോട് ഹര്‍ജി നല്‍കാന്‍ ആവശ്യപ്പെട്ട കോടതി ഹര്‍ജി നാളെ പരിഗണിക്കാമെന്നും അറിയിച്ചു.

Top