രാജിവെച്ചാല്‍ തങ്ങളുടെ വാദം ശരിവെച്ചതിന് തുല്യം, ബിജപിക്ക് വലിയ രാഷ്ട്രീയ നേട്ടമെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: കേസില്‍ പരാജയപ്പെടുമെന്ന് കണ്ട് രാജിവെച്ചാല്‍ അത് തങ്ങളുടെ വാദം ശരിവെച്ചതിന് തുല്യമാണെന്ന്‌ ബിജെപി നേതാവ് കെ സുരേന്ദ്രന്‍.

ബിജപിക്ക് വലിയ രാഷ്ട്രീയ നേട്ടം തന്നെയാണിതെന്നും ഉപതിരഞ്ഞെടുപ്പ് കൊണ്ടുവരാനുള്ള നീക്കം ലീഗിന്റെ രാഷ്ട്രീയ പാപ്പരത്തത്തിന്റെ തെളിവാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ ലീഗ് ശ്രമിക്കുന്നു എന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടും രണ്ടും ചേര്‍ത്താല്‍ നാലാകില്ല. ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. മഞ്ചേശ്വരത്ത് മത്സരിച്ച് ലീഗിനെ പരാജയപ്പെടുത്താന്‍ സാധിക്കുമോയെന്ന് നോക്കും. അവിടെ 3000 കള്ളവോട്ട് നടന്നിട്ടുണ്ട്. കേസ് നീണ്ടുപോകാതിരിക്കാന്‍ 299 വോട്ടുകള്‍ സംബന്ധിച്ച വിവരങ്ങളെ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളു. ലീഗിന് അതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം വസ്തുതാപരമായിരുന്നു. വിദേശത്തുള്ളവരും മരിച്ചവരും കള്ളവോട്ട് ചെയ്താണ് തന്നെ പരാജയപ്പെടുത്തിയത്. അത് തെളിയിക്കാനാവശ്യമായ എല്ലാ രേഖകളും കോടതിയില്‍ ഹാജരാക്കാന്‍ തനിക്ക് സാധിച്ചതായും സുരേന്ദ്രന്‍ വ്യക്താമാക്കി.

“ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ ഒരു നിയമ യുദ്ധമായിരിക്കും ഇത്. ആരും ഇതേവരെ ഇതേപോലൊരു കേസ് നടത്തിയിട്ടില്ല. ഈ കേസില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിനെ ജനാധിപത്യ വിരുദ്ധമായി അട്ടിമറിക്കുന്നത് എങ്ങനെയെന്ന വിവരങ്ങളുണ്ട് നിയമസഭയില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കിലും ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സമ്പ്രദായങ്ങളില്‍ മാറ്റം വരുത്താന്‍ ആവശ്യമായ നീക്കം നടത്താന്‍ സാധിക്കുമെന്ന ഉറപ്പ് ഞങ്ങള്‍ക്കുണ്ടെന്നും” അദ്ദേഹം പറഞ്ഞു.

Top