പുനഃസംഘടനയില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ കൂട്ടരാജി, അനുനയിപ്പിക്കാന്‍ മുരളീധരനെത്തും

സുല്‍ത്താന്‍ ബത്തേരി: പുനഃസംഘടനയില്‍ പ്രതിഷേധിച്ച് വയനാട് ബിജെപിയില്‍ കൂട്ടരാജി. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയിലാണ് രാജി പ്രഖ്യാപനം.

ജില്ലാ പ്രസിഡന്റ് കെ.ബി മദന്‍ലാല്‍ ഉള്‍പ്പെടെ 13 അംഗ മണ്ഡലം കമ്മിറ്റിയാണ് രാജിവച്ചത്. പുതിയ ജില്ലാ അധ്യക്ഷനെ ഏകപക്ഷീയമായി തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ചാണ് നടപടി.

കഴിഞ്ഞ ദിവസമാണ് ബിജെപിയില്‍ പുനസംഘടന നടന്നത്. അഞ്ചുജില്ലകളില്‍ പ്രസിഡന്റുമാരെ മാറ്റിയതില്‍ വയനാട് ജില്ലയും ഉള്‍പ്പെട്ടിരുന്നു. നിലവിലുണ്ടായിരുന്ന സജി ശങ്കറിനെ മാറ്റി കെ.വി മധുവിനെയാണ് പുതിയ ജില്ലാ പ്രസിഡന്റാക്കിയത്. ഇതിനിടയിലാണ് ബത്തേരി നിയോജക മണ്ഡലത്തില്‍ നിന്നും പ്രതിഷേധ സ്വരമുണ്ടായത്.

രാജിവച്ച അംഗങ്ങള്‍ നേരത്തെ തന്നെ കെ വി മധുവിനെതിരെ ആരോപണങ്ങളുന്നയിച്ചിരുന്നു. കെ സുരേന്ദ്രനെതിരായ ബത്തേരി തെരഞ്ഞെടുപ്പ് കോഴ വിവാദത്തില്‍ സുരേന്ദ്രനെതിരെയും സംസ്ഥാന നേതൃത്വത്തിനെതിരെയും മദന്‍ലാല്‍ വിഭാഗം നിലപാടെടുത്തിരുന്നു. പക്ഷേ നടപടിയുണ്ടായില്ലെന്നുമാത്രമല്ല സുരേന്ദ്രനെ തുടക്കം മുതല്‍ പിന്തുണച്ച കെ വി മധുവിനെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് ചുമതലപ്പെടുത്തുകയായിരുന്നു.

ഇത് ഏകപക്ഷീയ തീരുമാനമാണെന്ന് മദന്‍ലാല്‍ അടക്കമുള്ളവര്‍ പ്രതികരിച്ചു. ഇന്ന് ബിജെപിയുടെ ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം നടക്കാനിരിക്കെയാണ് 13 അംഗങ്ങളും രാജിവയ്ക്കുന്നത്. കേന്ദ്രമന്ത്രി വി മുരളീധരനടക്കം ഇന്ന് ജില്ലയിലെത്തും.

Top