സവാള എന്ന വ്യാജേനെ 20 ലക്ഷത്തോളം രൂപ വിലമതിക്കുന്ന പുകയില ഉല്‍പ്പന്നങ്ങളുമായി പാലക്കാട് സ്വദേശികള്‍ പിടിയില്‍

പത്തനംത്തിട്ട : പിക്കപ്പ് വാനില്‍ സവാള എന്ന വ്യാജേനെ ബാംഗ്ലൂരില്‍ നിന്നും കടത്തുകയായിരുന്ന 20 ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി പാലക്കാട് സ്വദേശികളായ രണ്ടുപേര്‍ തിരുവല്ലയില്‍ പൊലീസിന്റെ പിടിയിലായി. പാലക്കാട് തിരുമറ്റക്കോട് പാത്തന്നൂര്‍ വലിയ തുടിയില്‍ വീട്ടില്‍ അമീന്‍ (38 ) , പാലക്കാട് തിരുമറ്റക്കോട് നെല്ലിക്കാട്ടില്‍ പാത്തന്നൂര്‍ പുലാവട്ടത്ത് വീട്ടില്‍ ഉനൈസ് (24 ) എന്നിവരാണ് വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെ എംസി റോഡിലെ മുത്തൂരില്‍ നിന്നും പിടിയിലായത്.

ജില്ലാ പോലീസ് മേധാവി വി അജിത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നെര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ജെ ഉമേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം ഡാന്‍സാഫ് സംഘവും തിരുവല്ല ഡിവൈഎസ്പി എസ് അഷാദിന്റെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘവും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് സവാള ചാക്കുകള്‍ക്ക് താഴെ ഒളിപ്പിച്ചിരുന്ന 45 ചാക്ക് ഹാന്‍സ് പിക്കപ്പ് വാനില്‍ നിന്നും പിടികൂടിയത്. തിരുവല്ലയിലെ മൊത്തക്കച്ചവടക്കാരന് കൈമാറാന്‍ കൊണ്ടുവന്നതാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ എന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നും നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ പിന്നീട് കോടതിയില്‍ ഹാജരാക്കും.

Top