പൊതുമാപ്പിന്റെ ആനുകൂല്യം നിലവില്‍ രാജ്യത്ത് തുടരുന്നവര്‍ക്ക് മാത്രമെന്ന്…

അബുദാബി: യു.എ.ഇ സര്‍ക്കാര്‍ നടപ്പാക്കി വരുന്ന പൊതുമാപ്പിന്റെ ആനുകൂല്യം നിലവില്‍ രാജ്യത്ത് തുടരുന്നവര്‍ക്ക് മാത്രമെന്ന് അധികൃതര്‍. താമസ നിയമം ലംഘിച്ച ശേഷം യു.എ.ഇയില്‍ നിന്ന് പോയവര്‍, പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി പറഞ്ഞയച്ചവര്‍ എന്നിവര്‍ക്ക് ഇപ്പോള്‍ നടന്നു വരുന്ന പൊതുമാപ്പിന്റെ സൗകര്യം ലഭിക്കില്ലെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.

യു.എ.ഇയിലേക്ക് പ്രവേശന വിലക്കുള്ള ആളുകള്‍ക്ക് വിലക്ക് നീക്കുന്നതിന് അവരുടെ പ്രതിനിധികള്‍ മുഖേന അപേക്ഷ നല്‍കാനും, അവ അംഗീകരിക്കപ്പെട്ടാല്‍ താമസ തൊഴില്‍ സന്ദര്‍ശക വിസകള്‍ക്ക് അപേക്ഷിക്കുന്നതിനും സൗകര്യം ലഭിക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്ത്യന്‍ എംബസിയും ഇതു സംബന്ധിച്ച് നേരത്തെ സൂചന നല്‍കിയിരുന്നു. പൊതുമാപ്പിന്റെ ആദ്യഘട്ടത്തില്‍ അതു പ്രാവര്‍ത്തികമാവില്ല എന്നു തന്നെയാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ താമസ നിയമം ലംഘിച്ചും വിസ കാലാവധി കഴിഞ്ഞും യു.എ.ഇയില്‍ തങ്ങുന്നവര്‍ക്ക് അവര്‍ തൊഴിലുടമയില്‍ നിന്ന് ഓടിപ്പോയവരാണെങ്കിലും പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താം.

അതേ സമയം കേസുകള്‍ ഉള്ളവരും നിയമനടപടി നേരിടുന്നവരും ട്രാഫിക് നിയമലംഘനത്തിന് പിഴ അടക്കാനുള്ളവരും അവ പൂര്‍ത്തിയാക്കി വിടുതല്‍ നേടിയ ശേഷമേ പൊതുമാപ്പിന് അപേക്ഷിക്കേണ്ടതുള്ളൂ എന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

Top