സര്‍ക്കാറിനെ ‘വെട്ടി’ഐ.പി.എസുകാരുടെ സ്ഥലമാറ്റം നടത്തി പൊലീസ് ചീഫ് . . . !

തിരുവനന്തപുരം : സംസ്ഥാന പൊലീസ് ചീഫ് സര്‍ക്കാറിനും മീതെയോ ? അതും പിണറായി സര്‍ക്കാറിനും മീതെ ?

സംസ്ഥാനത്തെ സാദാ പൊലീസുകാരന്‍ മുതല്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരുമെല്ലാം അമ്പരപ്പോടെ ചോദിക്കുന്ന ചോദ്യമാണിത്.

ചരിത്രത്തില്‍ ആദ്യമായി ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം നടത്തിയാണ് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബഹ്‌റ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്.

സാധാരണ ഗതിയില്‍ സി.ഐ. തലംവരെ ഉള്ള ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റങ്ങളാണ് സംസ്ഥാന പൊലീസ് ചീഫ് നടത്താറുള്ളത്. ഡി.വൈ.എസ്.പി മുതല്‍ ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ വരെയുള്ളവരുടെ സ്ഥലമാറ്റം ആഭ്യന്തര വകുപ്പാണ് പുറത്തിറക്കാറുള്ളത്. ആഭ്യന്തര വകുപ്പ് മന്ത്രിയുടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി കണ്ടു മാത്രമേ ഇക്കാര്യത്തില്‍ ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കാറുള്ളൂ.

എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവിന്റെ മറപിടിച്ച് സംസ്ഥാന പൊലീസ് മേധാവി തന്നെ ഇപ്പോള്‍ നേരിട്ട് ഐ.പി.എസുകാരെ സ്ഥലം മാറ്റിയിരിക്കുകയാണ്. 22 ന് മുന്‍പ് മൂന്ന് വര്‍ഷം ഒരേ സ്ഥലത്ത് ഇരുന്ന ഉദ്യോഗസ്ഥരെ മാറ്റാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ് നല്‍കിയിരുന്നത്. താമസ സ്ഥലം പരിധിയിൽ വരുന്ന ഉദ്യോഗസ്ഥരെ മാറ്റാനും നിർദ്ദേശമുണ്ടായിരുന്നു.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സുരേന്ദ്രനെ പൊലീസ് ആസ്ഥാനത്തെ ഡി.ഐ.ജിയായാണ് ഇപ്പോള്‍ നിയമിച്ചിരിക്കുന്നത്. ഇവിടെ നിന്നും ഡി.ഐ.ജി സേതുരാമനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായി മാറ്റി നിയമിച്ചു.

തിരുവനന്തപുരം റേഞ്ച് ഐ.ജിയുടെ ചുമതല ഇന്റലിജന്‍സ് ഐ.ജി അശോക് യാദവിനാണ്. തൃശൂര്‍ റേഞ്ചില്‍ നിന്നും എം.ആര്‍ അജിത്ത് കുമാറിനെ മാറ്റി പകരം എറണാകുളം റേഞ്ച് ഐ.ജി വിജയ് സാഖറെക്കാണ് ചുമതല നല്‍കിയിരിക്കുന്നത്.

ഇതിനിടെ സര്‍ക്കാര്‍ താല്‍പ്പര്യത്തിനും മീതെ ഡി.ജി.പിയുടെ താല്‍പ്പര്യത്തിന് അനുസരിച്ച് ഐ.പി.എസുകാരെ സ്ഥലം മാറ്റിയ നടപടിയില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ കടുത്ത അമര്‍ഷമാണ് ഉണ്ടായിരിക്കുന്നത്.

ഇത്രയുംനാള്‍ കാത്ത് നിന്ന് ധൃതി പിടിച്ച് ഉത്തരവിറക്കിയത് എന്തിനാണെന്ന ചോദ്യവും ഉയര്‍ന്നു കഴിഞ്ഞു. നിയമപരമായ സാധുത തന്നെ ഡി.ജി.പിയുടെ ഉത്തരവിനില്ലന്ന അഭിപ്രായം നിയമകേന്ദ്രങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്.

മുഖ്യമന്ത്രി അറിഞ്ഞാണോ സ്ഥലമാറ്റം എന്ന കാര്യത്തില്‍ രാഷ്ട്രീയ കേന്ദ്രങ്ങളും അത്ഭുതം പ്രകടിപ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്. എന്തടിസ്ഥാനത്തിലാണ് ഡി.ജി.പി ഇത്തരമൊരു ഉത്തരവ് ഇറക്കിയത് എന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തമായ ഒരു ഉത്തരം നല്‍കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.

അതേസമയം ഇപ്പോഴത്തെ മാറ്റം താല്‍ക്കാലികമാണെന്നും 28ന് ഉള്ളില്‍ ഐ.പി.എസ് തലത്തില്‍ സര്‍ക്കാര്‍ നേരിട്ട് സ്ഥലമാറ്റം നടപ്പാക്കുമെന്ന വിവരവും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്.

റിപ്പോര്‍ട്ട് : എം വിനോദ്

Top