സെഞ്ച്വറി നഷ്ടമായെങ്കിലും ദ്രാവിഡിനൊപ്പം റെക്കോര്‍ഡ് നേടി ഋഷഭ് പന്ത്

ഹൈദരാബാദ്:തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും എട്ട് റണ്‍സ്‌ അകലെ ഋഷഭ്പന്തിന് സെഞ്ചുറി നഷ്ടമായി. രാജ്‌കോട്ടിലും ഹൈദരാബാദിലും 92 റണ്‍സില്‍ എത്തിനില്‍ക്കെ താരം നിരാശയിലാണെങ്കിലും. എന്നാല്‍, സന്തോഷത്തിന് വകയായി മറ്റൊരു റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് പന്ത്. തുടര്‍ച്ചയായ രണ്ട് ഇന്നിങ്‌സിലും 90 റണ്‍സിന് പുറത്തായെന്ന റെക്കോര്‍ഡില്‍ രാഹുല്‍ ദ്രാവിഡിനൊപ്പമാണ് ഋഷഭ് പന്ത് എത്തിയത്.

1997ല്‍ ലങ്കയ്‌ക്കെതിരെ 92, 93 എന്നീ സ്‌കോറിന് ദ്രാവിഡ് പുറത്തായിരുന്നു.രാജ്‌കോട്ട് ടെസ്റ്റില്‍ ബിഷുവിന് വിക്കറ്റ് നല്‍കി നിരാശനാക്കിയ ഋഷഭ് ഹൈദരാബാദ് ടെസ്റ്റില്‍ ഷിമ്രോന് പിടികൊടുക്കുകയായിരുന്നു.

രണ്ടാം ടെസ്റ്റില്‍ രഹാനേയ്‌ക്കൊപ്പം ചേര്‍ന്ന് അദ്ദേഹം മികച്ച കൂട്ടുകെട്ടുണ്ടാക്കി. അഞ്ചാം വിക്കറ്റില്‍ ഇവര്‍ കൂട്ടിച്ചേര്‍ത്ത 152 റണ്‍സാണ് ഇന്ത്യയുടെ ലീഡില്‍ നിര്‍ണായകമായത്. 134 പന്തില്‍ നിന്നും പതിനൊന്ന് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെയായിരുന്നു ഹൈദരാബാദിലെ ഋഷഭിന്റെ ഇന്നിങ്‌സ്.

ടെസ്റ്റില്‍ അരങ്ങേറിയതിന് പിന്നാലെ ബാറ്റിങ്ങില്‍ തന്റെ മികവ് പുറത്തെടുക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു. തന്റെ മൂന്നാം ടെസ്റ്റില്‍ തന്നെ സെഞ്ചുറി നേടിയ ഋഷഭ് ഇപ്പോള്‍ ഏകദിന ടീമിലേക്കും തന്റെ പേര് എത്തിച്ചിരിക്കുകയാണ്. രണ്ട് സിക്‌സും 11 ഫോറും ഉള്‍പ്പെടെയാണ് 92 റണ്‍സ് നേടിയത്.

Top