18 വയസ്സ് തികഞ്ഞവര്‍ക്ക് നാളെ മുതല്‍ കരുതല്‍ ഡോസ്

ഡൽഹി: പ്രായപൂർത്തിയായ എല്ലാവർക്കും നാളെ മുതൽ കോവിഡ് വാക്‌സിന്റെ കരുതൽ ഡോസ് സ്വീകരിക്കാം. രണ്ടാമത്തെ ഡോസെടുത്ത് ഒമ്പതുമാസം പൂർത്തിയായവർക്ക് സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ വാക്സിനെടുക്കാം. കരുതൽ ഡോസിന് പണം നൽകണം.

അറുപതു വയസ്സിന് മുകളിലുള്ളവർ, ആരോഗ്യപ്രവർത്തകർ, കോവിഡ് മുൻനിര പ്രവർത്തകർ തുടങ്ങിയവർക്ക് സർക്കാർ കേന്ദ്രങ്ങളിൽനിന്ന് കരുതൽ ഡോസ് തുടർന്നും സൗജന്യമായി ലഭിക്കും. കരുതൽ ഡോസെടുക്കാതെ ചില രാജ്യങ്ങളിലേക്ക് യാത്രാവിലക്കുള്ള സാഹചര്യത്തിലാണ് 18 വയസ്സുതികഞ്ഞ മുഴുവൻ പേർക്കും മൂന്നാം ഡോസ് നൽകുന്നത്.

കോവിഡ് വാക്‌സിന് സ്വകാര്യ ആശുപത്രികൾ അമിതവില ഈടാക്കുന്നു എന്ന പരാതിയെത്തുടർന്ന് കേന്ദ്രസർക്കാർ വില പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. 150 രൂപ സർവീസ് ചാർജും അഞ്ചുശതമാനം ജിഎസ്ടിയുമുൾപ്പെടെ ഒരുഡോസ് കോവിഷീൽഡിന് 780 രൂപ, കോവാക്‌സിന് 1410 രൂപ, സ്പുട്‌നിക്‌വിക്ക് 1145 രൂപ എന്നിങ്ങനെയാണ് സർക്കാർ നിശ്ചയിച്ച വില.

രാജ്യത്തെ 15 വയസ്സിനു മുകളിലുള്ളവരിൽ 96 ശതമാനം പേർക്കും ആദ്യഡോസ് വാക്‌സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവരിൽ 83 ശതമാനം പേരും രണ്ടാംഡോസും സ്വീകരിച്ചതാണ്. 1214 പ്രായക്കാരിൽ 45 ശതമാനംപേർക്കും ആദ്യഡോസ് നൽകിക്കഴിഞ്ഞു.

Top