ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളില്‍ അഞ്ഞൂറുകോടിയിലേറെ രൂപ വായ്പക്കുടിശ്ശികയുള്ള വന്‍കിട കമ്പനികളുടെ പട്ടിക സമര്‍പ്പിക്കാന്‍ സുപ്രീംകോടതി റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടു.
വന്‍ വായ്പകള്‍ പുനഃക്രമീകരിച്ച കമ്പനികളുടെ പട്ടികയും സമര്‍പ്പിക്കണം. ആറാഴ്ചയ്ക്കകം മുദ്രവെച്ച കവറില്‍ പട്ടികകള്‍ സമര്‍പ്പിക്കണമെന്നാണ് ഉത്തരവ്.
സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ (സി.പി.ഐ.എല്‍.) എന്ന സന്നദ്ധ സംഘടന നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. രാജ്യത്തെ 29 പൊതുമേഖലാ ബാങ്കുകള്‍ 2013നും 2015നുമിടയില്‍ 1.14 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളിയതായാണ് റിപ്പോര്‍ട്ട്.
കിട്ടക്കടങ്ങള്‍ വര്‍ധിച്ചുവരുന്നത് ഗുരുതര പ്രശ്‌നമാണെന്നും ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ ജസ്റ്റിസുമാരായ യു.യു. ലളിത്, ആര്‍. ഭാനുമതി എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ എങ്ങനെയാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വന്‍തുക വായ്പ നല്‍കുന്നതെന്ന് കോടതി ചോദിച്ചു. ഇങ്ങനെ വായ്പ നല്‍കിയ തുക തിരിച്ചുപിടിക്കാന്‍ ഉപാധികളുണ്ടോയെന്നും കോടതി ആരാഞ്ഞു.
പൊതുതാത്പര്യ ഹര്‍ജിയില്‍ റിസര്‍വ് ബാങ്കിനെയും കോടതി കക്ഷിചേര്‍ത്തു. ഹൗസിങ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (ഹഡ്‌കോ) ചില കമ്പനികള്‍ക്ക് വായ്പ നല്‍കിയതുമായി ബന്ധപ്പെട്ടാണ് ഹര്‍ജി നല്‍കിയത്.
2015ല്‍ ഏതാണ്ട് 40,000 കോടി രൂപയുടെ കോര്‍പ്പറേറ്റ് കടം എഴുതിത്തള്ളിയെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ പറഞ്ഞു. കിട്ടാക്കടങ്ങള്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് മഹാമാരി പോലെയാവുകയാണെന്ന് തുടര്‍ന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
വായ്പ തിരിച്ചടയ്ക്കാത്തവരില്‍ നിന്ന് അത് പിടിച്ചെടുക്കാന്‍ കര്‍ശനമായ നടപടികളൊന്നും സ്വീകരിക്കാത്തതില്‍ സുപ്രീംകോടതി അതിശയം പ്രകടിപ്പിച്ചു. വന്‍ ബിസിനസ് സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്തിട്ടും വായ്പ തിരിച്ചടയ്ക്കാത്തവരാണ് ഇവരെന്നും കോടതി ചൂണ്ടിക്കാട്ടി


