Reserve Bank report

ദില്ലി: രാജ്യത്തെ ബാങ്കുകളുടെ കിട്ടാക്കടം 8.5 ശതമാനമായി ഉയര്‍ന്നേക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കുകളുടെ ആസ്തി ഗുണമേന്മ വഷളാകുന്നതും, ലാഭക്ഷമത കുറയുന്നതുമാണ് കിട്ടാക്കടം വര്‍ധിക്കാന്‍ കാരണമാകുകയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട ഇടക്കാല വാര്‍ഷിക സാമ്പത്തിക സ്ഥിരത റിപ്പോര്‍ട്ടിലാണ് സമ്പദ് വ്യവസ്ഥയെ ആശങ്കപ്പെടുത്തുന്ന നിര്‍ണായക വിവരങ്ങള്‍ ഇടംപിടിച്ചിരിക്കുന്നത്.

മാര്‍ച്ച് 2016 വരെയുളള കണക്കനുസരിച്ച് ബാങ്കുകളുടെ മൊത്തം ആസ്തിയുടെ 7.6 ശതമാനമാണ് കിട്ടാക്കടം. ഇത് 2017 മാര്‍ച്ച് ആകുമ്പോഴെക്കും 8.5 ശതമാനമായി ഉയര്‍ന്നേക്കുമെന്ന റിസര്‍വ്വ് ബാങ്ക് റിപ്പോര്‍ട്ടാണ് ഇന്ത്യന്‍ സമ്പദവ്യവസ്ഥയ്ക്ക് വെല്ലുവിളിയാകുന്നത്.

സമ്പദ് വ്യവസ്ഥ് വീണ്ടും തിരിച്ചടികള്‍ നേരിട്ടാല്‍ ബാങ്കുകളുടെ കിട്ടാക്കടം ഇനിയും ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അങ്ങനെയെങ്കില്‍ നടപ്പുസാമ്പത്തികവര്‍ഷത്തിന്റെ അവസാനം ആകുമ്പോഴേക്കും കിട്ടാക്കടത്തിന്റെ അളവ് 9.3 ശതമാനം വരെ ഉയരാനുളള സാധ്യതയും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.

വിവിധ തലങ്ങളിലായി അനുവദിച്ചിട്ടുളള വായ്പകളുടെ പുന:പരിശോധനയുടെ ഫലമായി ബാങ്കുകളുടെ കിട്ടാക്കടത്തിന്റെ യഥാര്‍ത്ഥ വസ്തുത അടുത്തിടെ പുറത്തുവന്നിരുന്നു.

ബാങ്കുകളുടെ വരവു ചെലവ് കണക്ക് കുറ്റമറ്റത്താക്കുന്നതിന് ബാങ്കുകള്‍ സ്വീകരിച്ച നടപടികളുടെ ഫലമായിട്ടാണ് കിട്ടാക്കടത്തിന്റെ യഥാര്‍ത്ഥ ചിത്രം പുറത്തുവന്നത്. 2015 മാര്‍ച്ചില്‍ 5.1 ശതമാനമായിരുന്ന കിട്ടാക്കടമാണ് 2016 മാര്‍ച്ച് ആയപ്പോഴെക്കും ഒറ്റയടിക്ക്7.6 ശതമാനമായി ഉയര്‍ന്നത്.

റിസര്‍വ് ബാങ്ക് നിര്‍ദേശപ്രകാരം കിട്ടാക്കടത്തെ നിയന്ത്രണവിധേയമാക്കാന്‍ ബാങ്കുകള്‍ പ്രൊവിഷന്‍ എന്ന നിലയില്‍ വലിയ തുക നീക്കി വെക്കുന്നുണ്ട്.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബാങ്കുകളുടെ ഭാവി മുന്‍നിര്‍ത്തിയുളള ഈ നടപടിയാണ് പൊതുമേഖല ബാങ്കുകളുടെ ലാഭ ക്ഷമതയെയും കാര്യമായി ബാധിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Top