റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ മാറ്റം വരുത്തില്ല; സാമ്പത്തിക സ്ഥിരത ഉറപ്പാക്കാന്‍ പദ്ധതി!!

മുംബൈ: റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ലെന്ന് സൂചന. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കാന്‍ ധനനയ സമിതി, പുതിയ പ്രതിസന്ധികളെ തരണം ചെയ്യാന്‍ കഴിയുന്ന തരത്തിലുളള നയപരമായ പദ്ധതികള്‍ക്ക് ആഗസ്റ്റില്‍ നടക്കാനിരിക്കുന്ന ധനനയ അവലോകന യോഗത്തില്‍ രൂപം നല്‍കിയേക്കാമെന്നും സൂചനയുണ്ട്.

ബിസിനസ് സ്റ്റാന്‍ഡേര്‍ഡാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) ഓഗസ്റ്റ് നാലിനാണ് യോഗം ചേരാനിരിക്കുന്നത്. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന യോഗം ആഗസ്റ്റ് ആറിന് ധനനയം പ്രഖ്യാപിക്കും.

കൊവിഡ് -19 പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണുകള്‍ മൂലം സമ്പദ്വ്യവസ്ഥയ്ക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ പരിമിതപ്പെടുത്തുന്നതിനായി കേന്ദ്ര ബാങ്ക് നേരത്തെ പലിശ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന മാക്രോ ഇക്കണോമിക് അന്തരീക്ഷവും വളര്‍ച്ചയെ സംബന്ധിച്ച ആശങ്കകളും എംപിസിയുടെ ഓഫ്-സൈക്കിള്‍ യോഗങ്ങള്‍ അനിവാര്യമാക്കി. മാര്‍ച്ചിലും മെയിലുമായി നടന്ന എംപിസി യോഗങ്ങളിലൂടെ റിപ്പോ നിരക്ക് 115 ബേസിസ് പോയിന്റ് കുറച്ചിരുന്നു.

Top