റിസര്‍വ് ബാങ്ക് ധനകാര്യസമിതി യോഗത്തില്‍ കേരളബാങ്ക് രൂപീകരണത്തിന് അംഗീകാരം ലഭിച്ചേക്കും

തിരുവനന്തപുരം : റിസര്‍വ് ബാങ്ക് ധനകാര്യസമിതി യോഗത്തില്‍ കേരളബാങ്ക് രൂപീകരണത്തിന് അംഗീകാരം ലഭിച്ചേക്കും. മുംബൈയില്‍ ബുധനാഴ്ചയാണ് യോഗം ചേരുന്നത്. 14 ജില്ലാ സഹകരണ ബാങ്കിനെയും സംസ്ഥാന സഹകരണ ബാങ്കിനെയും യോജിപ്പിച്ച് ബാങ്ക് രൂപീകരിക്കാനാണ് സര്‍ക്കാര്‍ റിസര്‍വ് ബാങ്കിന്റെ അനുമതി തേടിയിരുന്നത്.

ബാംഗ്ലൂര്‍ ഐഐഎമ്മിലെ പ്രൊഫ. എം എസ് ശ്രീറാമിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് രൂപീകരണം സംബന്ധിച്ച പഠനം നടത്തിയത്. നബാര്‍ഡ് റിട്ട. ചീഫ് ജനറല്‍ മാനേജര്‍ വി ആര്‍ രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കര്‍മസമിതി തയ്യാറാക്കിയ പ്രാഥമിക പദ്ധതിയുടെ അടിസ്ഥാനത്തില്‍ നബാര്‍ഡിന്റെ ശുപാര്‍ശയോടെയാണ് അപേക്ഷ നല്‍കിയത്.

പ്രാഥമിക പരിശോധനക്കുശേഷം കൂടുതല്‍ മൂലധനം ആവശ്യമാണെന്ന് റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തില്‍ ഘടനാപരമായ മാറ്റംകൊണ്ടുവരാന്‍ സന്നദ്ധമാണെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. തുടര്‍ന്ന് ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കര്‍മസമിതി ചെയര്‍മാനും റിസര്‍വ് ബാങ്ക് ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുമായി ആശയവിനിയമം നടത്തിയിരുന്നു.

Top