റിസര്‍വ് ബാങ്കിന്റെ നിര്‍ണായക യോഗം ഒക്ടോബര്‍ മൂന്നിന്

rbi

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ അടുത്ത വായ്പാനയ അവലോകനം ഒക്ടോബര്‍ മൂന്നിന് നടക്കും. പലിശ നിരക്കില്‍ വീണ്ടും ഒരു വര്‍ധന ഉണ്ടാകുമോ എന്നാണ് രാജ്യം ഉറ്റു നോക്കുന്നത്. ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യത്തില്‍ റിപോ നിരക്കില്‍ വര്‍ധന വരുത്താനുള്ള സാധ്യതയാണ് മിക്ക സാമ്പത്തിക വിദഗ്ധരും കാണുന്നത്. ഈ വര്‍ഷം രണ്ടു തവണ കൂടി നിരക്ക് വര്‍ധിപ്പിക്കുന്നതിന് സാധ്യത കാണുന്നവരുമുണ്ട്.

ജൂണ്‍ അഞ്ചിനും ജൂലൈ 31നും റിസര്‍വ് ബാങ്ക് അടിസ്ഥാന പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു. ഇതോടെ റിസര്‍വ് ബാങ്ക്, ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശ നിരക്കായ റിപോ 6.5 ശതമാനമായി. ഒക്ടോബര്‍ 3,4 തിയതികളിലാണ് ദ്വിമാസ അവലോകനത്തിന് മോണിറ്ററി പോളിസി കമ്മറ്റിയുടെ യോഗം ചേരുന്നത്.

രൂപ നേരിടുന്ന കനത്ത ഇടിവാണ് സ്ഥിതിഗതികള്‍ ഗുരുതരമാക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ 19 ന്‌ ഒരു ഡോളറിന്റെ വില 72.95 രൂപ എന്ന സര്‍വകാല റെക്കോഡിലെത്തി. ഡോളറിന്റെ മൂല്യം 72 രൂപയ്ക്കു മുകളില്‍ തുടരുന്നതിനാല്‍ പണപ്പെരുപ്പം ശക്തമാകുമെന്ന ആശങ്കയുണ്ട്. ഇത് വന്‍ തോതിലുള്ള വിലക്കയറ്റത്തിന് വഴി തുറക്കും.

അന്താരാഷ്ട്ര രംഗത്തും സാഹചര്യങ്ങള്‍ ഏറെ പ്രതികൂലമാണ്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം മുറുകുന്നതും ക്രൂഡ് ഓയില്‍ വില കൂടുന്നതും മോശമായ ചിത്രമാണ് നല്‍കുന്നത്. അമേരിക്ക പലിശ നിരക്ക് ഉയര്‍ത്തുന്നതും റിസര്‍വ് ബാങ്കിനെ സമ്മര്‍ദ്ദത്തിലാഴ്ത്തുന്നുണ്ട്.

Top