പേ.ടി.എമ്മിന് ‘ഷെഡ്യൂൾഡ്’ പദവി നൽകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

പേ.ടി.എം പേയ്മെന്റ്സ് ബാങ്കിന്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ‘ഷെഡ്യൂൾഡ്’ പദവി നൽകി. സർക്കാർ പദ്ധതികളിൽ പങ്കാളിയാകുക, റിസർവ് ബാങ്കുമായി റിപ്പോ റിവേഴ്സ് ഇടപാടുകൾ നടത്തുക തുടങ്ങിയ അവസരങ്ങൾ ലഭ്യമാകും. റിസർവ് ബാങ്ക് ആക്ട് അനുസരിച്ചുള്ള ‘പട്ടിക’യിൽ ഉൾപ്പെടുന്നതോടെ ഓഡിറ്റ്, മൂലധന പര്യാപ്തത, കരുതൽ ധനം തുടങ്ങിയ കാര്യങ്ങളിൽ ബാങ്കിനുമേൽ കൂടുതൽ നിരീക്ഷണമുണ്ടാകും.

ബാങ്കിന്റെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിൽ റിസർവ് ബാങ്കിനും ഉത്തരവാദിത്ത്വമുണ്ടാകും. തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക്, ഫിനോ പേയ്മെന്റ്സ് ബാങ്ക് എന്നീ പേയ്മെന്റ്സ് ബാങ്കുകൾക്കും ഷെഡ്യൂൾഡ് പദവിയുണ്ട്.

കൂടുതൽ ജനങ്ങളിലേക്ക് സേവനങ്ങൾ എത്തിക്കാൻ ഷെഡ്യൂൾഡ് ബാങ്ക് എന്ന പദവി സഹായകമാകുമെന്ന് പേ.ടി.എം ബാങ്ക് എംഡിയും സിഇഒയുമായ സതീഷ് കുമാർ ഗുപ്ത പറഞ്ഞു. ബാങ്കിന് 6 കോടിയിലധികം സേവിങ്സ് ബാങ്ക് അക്കൗണ്ടുകളും 5200 കോടി രൂപയുടെ നിക്ഷേപവുമുണ്ട്. വോലറ്റ്, യുപിഐ, ഫാസ്റ്റ്ടാഗ് തുടങ്ങിയ സേവനങ്ങളിലൂടെയും പേ.ടി.എം കോടിക്കണക്കിനാളുകളിലേക്ക് ധനസേവനം എത്തിക്കുന്നു.

Top