നിശ്ചിത അർബൻ ബാങ്കുകളുടെ സ്വർണപ്പണയ വായ്പ പരിധി 4 ലക്ഷമാക്കി ഉയർത്തി റിസർവ് ബാങ്ക്

ന്യൂഡൽഹി : നിശ്ചിത അർബൻ സഹകരണ ബാങ്കുകൾക്കു സ്വർണപ്പണയ വായ്പയായി നൽകാവുന്ന പരമാവധി തുക 2 ലക്ഷമായിരുന്നത് 4 ലക്ഷമാക്കി റിസർവ് ബാങ്ക് ഉയർത്തി. ബുള്ളറ്റ് റീപേയ്മെന്റ് സ്കീം അനുസരിച്ചുള്ള സ്വർണപ്പണയ വായ്പകൾക്കു മാത്രമേ ഇതു ബാധകമാവുകയുള്ളൂ. മുൻഗണനാ വായ്പകളുമായി (പ്രയോറിറ്റി സെക്ടർ ലെൻഡിങ്) ബന്ധപ്പെട്ട് റിസർവ് ബാങ്ക് നൽകിയ ലക്ഷ്യം കൈവരിച്ച അർബൻ ബാങ്കുകൾക്കു മാത്രമാണ് ആനുകൂല്യം. ഉത്തരവ് വൈകാതെ ഇറങ്ങും.

വായ്പാ കാലാവധി തീരുമ്പോൾ പലിശയും മുതലും ഒരുമിച്ചടച്ചു പണയവസ്തു തിരിച്ചെടുക്കുന്നതാണ് ബുള്ളറ്റ് പേയ്മെന്റ് രീതി. പലിശ പ്രതിമാസമാണ് കണക്കാക്കുന്നതെങ്കിലും വായ്പാ കാലാവധി അവസാനിക്കുമ്പോൾ ഒരുമിച്ച് അടച്ചാൽ മതി. കൃഷി അടക്കമുള്ള മുൻഗണനാ മേഖലകൾക്കു വായ്പ നൽകുന്ന ലക്ഷ്യം കൈവരിച്ച ബാങ്കുകൾക്കുള്ള ആനുകൂല്യമായിട്ടാണ് വർധന. കൂടുതൽ വിവരങ്ങൾക്കു ബാങ്കുകളുമായി ബന്ധപ്പെടണം. ബുള്ളറ്റ് റീപേയ്മെന്റ് സ്വർണപ്പണയ വായ്പകൾക്ക് പരിധി 5 ലക്ഷമാക്കണമെന്നായിരുന്നു അർബൻ ബാങ്ക് ഫെഡറേഷന്റെ ആവശ്യം.

Top