ബാഡ് ബാങ്കുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പരിശോധിക്കാം; റിസർവ് ബാങ്ക് ​ഗവർണർ

ഡൽഹി: കിട്ടാക്കടങ്ങളുടെ സമ്മര്‍ദ്ദത്തില്‍ നിന്ന് പൊതുമേഖലാ ബാങ്കുകള്‍ക്ക് പരമാവധി മോചനം നല്‍കാനും നിലവിലുള്ള നിഷ്‌ക്രിയ ആസ്തികള്‍ ഫലപ്രദമായി മുതലാക്കാനും ലക്ഷ്യമിട്ട് റിസര്‍വ് ബാങ്കിന്റെ നേതൃത്വത്തില്‍ ‘ബാഡ് ബാങ്ക്’ തുടങ്ങാൻ ആലോചന. ആസ്തി പുനഃക്രമീകരണത്തിനുള്ള ബാഡ് ബാങ്കുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ വന്നാൽ പരിശോധിക്കാമെന്നാണ് റിസർവ് ബാങ്ക് ​ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചത്. നാനി പാൽഖിവാല മെമ്മോറിയൽ പ്രഭാഷണം പരിപാടിയുടെ ഭാ​ഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരും സ്വകാര്യ മേഖലയും ഇതിനായി മികച്ച ആസൂത്രണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

“ബാഡ് ബാങ്ക് സ്ഥാപിക്കാനുള്ള നിർദ്ദേശമുണ്ടെങ്കിൽ റിസർവ് ബാങ്ക് അത് പരിശോധിക്കും. ARC- കൾക്കായി (അസറ്റ് പുനഃക്രമീകരണ കമ്പനികൾ) ഞങ്ങൾക്ക് റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങൾ നിലവിലുണ്ട് ഉണ്ട്. അതിനാൽ മറ്റ് പ്രശ്നങ്ങളില്ല. ബാഡ് ബാങ്ക് സ്ഥാപിക്കാനുള്ള ഏത് നിർദ്ദേശവും പരിശോധിക്കാൻ ഞങ്ങൾ തയ്യാറാണ്. നിർദ്ദേശങ്ങള്‍ വന്നാൽ, അത് പരിശോധിക്കും, ”ദാസ് പറഞ്ഞു. ബാഡ് ബാങ്ക് സ്ഥാപിക്കാനുള്ള സമയം എത്തിയിരിക്കുന്നതായി കഴിഞ്ഞ വർഷം നടന്ന ഒരു മാധ്യമ അഭിമുഖത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മുൻ ചെയര്‍മാന്‍ രജനിഷ് കുമാര്‍ പറഞ്ഞിരുന്നു.

Top