Reservation needed as long as social discrimination exists: RSS

നാഗ്പൂര്‍: രാജ്യത്ത് സാമൂഹ്യമായ വിവേചനവും അസമത്വവും തുടരുന്ന കാലത്തോളം സംവരണം ആവശ്യമാണെന്ന് ആര്‍എസ്എസ് സര്‍ സംഘചാലക് മോഹന്‍ ഭഗവത്.

രാജ്യത്ത് സംവരണനയം പുനപരിശോധിയ്ക്കണമെന്നും ജാതി അടിസ്ഥാനത്തിലുള്ള സംവരണം അവസാനിപ്പിയ്ക്കണമെന്നുമുള്ള നിലപാടിലായിരുന്നു മുന്‍പ് ആര്‍എസ്എസ്. എന്നാല്‍ സംവരണം എടുത്തുകളയുന്നതിനോട് സംഘപരിവാറിന് യോജിപ്പില്ലെന്ന് അഭിപ്രായത്തിലേക്ക് മലക്കം മറിഞ്ഞിരിക്കുകയാണ് ഭഗവത്. നാഗ്പൂരില്‍ ഒരു പരിപാടിക്കിടെ നടത്തിയ പ്രസംഗത്തിലാണ് സംവരണ നയത്തോട് അനുകൂലമായ പ്രസ്താവന ഭഗവത് നടത്തിയത്.

പാരമ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ ഈ വിവേചനം തുടരരുതെന്നും നൂറ്റാണ്ടുകളായി വിവേചനം അനുഭവിയ്ക്കുന്നവരുടെ വികാരം മനസിലാക്കണമെന്നും ഭഗവത് അഭിപ്രായപ്പെട്ടു. എന്നാല്‍ ഹിന്ദുമതത്തിന്റെ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടായിരിയ്ക്കണം ഇത്.

അതേസമയം മാറ്റങ്ങള്‍ക്ക് ഏറെ കാത്തിരിയ്‌ക്കേണ്ടി വരുമെന്നും ആധുനിക സയന്‍സിന്റെ അടിസ്ഥാനത്തില്‍ പാരമ്പര്യത്തെ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഭഗവത് അഭിപ്രായപ്പെട്ടു. അംബേദ്കര്‍ മുന്നോട്ട് വച്ച ചിന്തകളും ആശയങ്ങളും സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Top