ഭിന്നശേഷി ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റത്തില്‍ സംവരണം; തീരുമാനം സുപ്രീംകോടതി ഉത്തരവ് പാലിച്ച്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരായ ഭിന്നശേഷിക്കാര്‍ക്ക് സ്ഥാനക്കയറ്റത്തില്‍ സംവരണം. മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം. സുപ്രീംകോടതി ഉത്തരവ് പാലിച്ചാണ് തീരുമാനം. കേന്ദ്രസർക്കാർ നിയമനങ്ങളിൽ സ്ഥാനക്കയറ്റത്തിൽ സംവരണം അനുവദിച്ച് പുറപ്പെടുവിച്ച ഓഫീസ് മെമ്മോറാണ്ടത്തിന്‍റെ അടിസ്ഥാനത്തിൽ സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ സമർപ്പിച്ച കരട് ഗൈഡ് ലൈൻസ് അംഗീകരിക്കും.

വിവിധ വകുപ്പുകളിലെ സ്പെഷ്യൽ റൂൾസ് ഭേദഗതി വരുത്തുന്നതിനും റോസ്റ്റർ സിസ്റ്റം നിലനിർത്തുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് പുറപ്പെടുവിക്കും. നേരിട്ട് നിയമനം നടത്തുന്ന തസ്തികകളിൽ സ്ഥാനക്കയറ്റം വഴിയും നിയമനം നടത്തുന്നുണ്ടെങ്കിൽ, അതായത് ഒരു തസ്തികയിൽ നേരിട്ടുള്ള നിയമനം വഴിയും സ്ഥാനക്കയറ്റം വഴിയും നിയമനം നടത്തുന്നപക്ഷം അത്തരം തസ്തികകളിൽ ഭിന്നശേഷി ജീവനക്കാർക്ക് സ്ഥാനക്കയറ്റത്തിൽ സംവരണം അനുവദിക്കും.

അത്തരത്തിൽ സ്ഥാനക്കയറ്റത്തിൽ ഭിന്നശേഷി സംവരണം അനുവദിക്കുന്നതിനുള്ള തസ്തികകൾ ഭിന്നശേഷിക്കാർക്ക് അനുയോജ്യമായി കണ്ടെത്തുന്നതിനായി ഫംഗ്ഷണൽ അസസ്മെന്റ് നടത്തി എക്സ്പർട് കമ്മിറ്റി മുമ്പാകെ സമർപ്പിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകാനും തീരുമാനിച്ചു.

Top