ഇല്ലത്തെ ഇല്ലായ്മയും തിരിച്ചറിഞ്ഞു ! സര്‍ക്കാര്‍ തീരുമാനം മാതൃകാപരം . . .

യര്‍ന്ന ജാതിയില്‍ പിറന്നു പോയി എന്നതിനാല്‍ മാത്രം അവഗണിക്കപ്പെടുന്ന ഒരുപാട് പാവങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. അവര്‍ക്കെല്ലാം ആശ്വാസം പകരുന്ന തീരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

ദേവസ്വം നിയമനങ്ങളില്‍ സംവരണം ലഭിച്ചിരുന്ന വിഭാഗങ്ങള്‍ക്ക് കൂടുതല്‍ സംവരണാനുകൂല്യം നല്‍കി കൊണ്ടാണ്, മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്, 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഈഴവ സമുദായത്തിന് 14 ശതമാനം സംവരണമാണ് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് 17 ശതമാനമായും വര്‍ധിപ്പിച്ചിട്ടുണ്ട്. പട്ടികജാതി വിഭാഗത്തിന് ലഭിച്ചിരുന്ന 10 ശതമാനം സംവരണം 12 ശതമാനമാക്കിയും ഉയര്‍ത്തിയിട്ടുണ്ട്. ഈഴവ സമുദായം ഒഴികെയുള്ള ഹിന്ദു ഒബിസി വിഭാഗത്തിന് കേവലം മൂന്നു ശതമാനം മാത്രമായിരുന്നു നിലവിലെ സംവരണം. ഇതാകട്ടെ ആറുശതമാനമാക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പിന്നോക്ക സമുദായങ്ങള്‍ക്കും വലിയ തോതിലുള്ള സംവരണാനുകൂല്യം നല്‍കി കൊണ്ടാണ് മുന്നോക്ക സമുദായത്തിലെ പാവങ്ങളേയും സര്‍ക്കാര്‍ ചേര്‍ത്തു നിര്‍ത്തിയിരിക്കുന്നത്.

Devaswom-board

Devaswom-board

തുടക്കമെന്ന നിലയില്‍ മുന്നോക്ക വിഭാഗത്തിലെ 6 പേരാണ് ആദ്യമായി ഇപ്പോള്‍ ജോലിയില്‍ പ്രവേശിച്ചിരിക്കുന്നത്. ക്ലര്‍ക്ക്, സബ്ബ് ഗ്രൂപ്പ് ഓഫീസര്‍ തസ്തികയിലാണ് നിയമനം. 64 ഒഴിവുകളാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലുള്ളത്. ജോലി ലഭിച്ച ആറു പേരും മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ്. ജനറല്‍ വിഭാഗത്തില്‍ ജോലി ലഭിച്ച മുന്നോക്കക്കാര്‍ക്ക് പുറമെയാണിത്. 12 ഈഴവ സമുദായക്കാരും ആറ് പട്ടിക ജാതിക്കാരും ഒന്നു വീതം പട്ടികവര്‍ഗ, വിശ്വകര്‍മ, ധീവര വിഭാഗക്കാരും രണ്ട് ഭിന്നശേഷിക്കാരും ഒരു വിമുക്തഭടനും ഇവരോടൊപ്പം സംവരണത്തിലൂടെ നിയമനം നേടിയിട്ടുണ്ട്.

ഒരു നേരത്തെ അഷ്ടിക്കു പോലും വകയില്ലാത്ത അനവധി പേര്‍ ഇപ്പോഴും മുന്നോക്ക സമുദായത്തിലുണ്ട്. ഇതില്‍ പൂണൂലിട്ട ബ്രാഹ്മണന്‍ മുതല്‍ നായന്‍മാര്‍ വരെ ഉള്‍പ്പെടും. ദാരിദ്യം കണ്ണീര്‍ക്കടലാക്കിയ ഇല്ലങ്ങള്‍ ഇന്നും ഈ കേരളത്തിലുണ്ട് എന്നതും നാം ഓര്‍ക്കണം.

വലിയ ഒരു വോട്ട് ബാങ്ക് അല്ലാത്തതിനാല്‍ ഇവരുടെ കാര്യത്തില്‍ രാജ്യം ഏറെക്കാലം ഭരിച്ച കോണ്‍ഗ്രസ്സു പോലും മുഖം തിരിക്കുകയാണ് ചെയ്തിട്ടുള്ളത്.

ഈ ചരിത്രമാണ് ഇപ്പോള്‍ പിണറായി സര്‍ക്കര്‍ പൊളിച്ചടുക്കിയിരിക്കുന്നത്. കയ്യടിച്ച് അഭിനന്ദിക്കേണ്ട മനുഷ്യത്വപരമായ തീരുമാനമാണിത്. ജാതിക്കും മതത്തിനും മീതെ മനുഷ്യരുടെ ദുരിതങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ക്ക് മാത്രമേ ഇത്തരം നിലപാടുകള്‍ സ്വീകരിക്കാന്‍ കഴിയുകയുള്ളൂ.

ഇതുപോലെ മുന്‍പ് എടുത്ത വിപ്ലവകരമായ മറ്റൊരു തീരുമാനമാണ് ശാന്തി നിയമനങ്ങള്‍. പട്ടികജാതി സമൂഹത്തിന് ശാന്തി നിയമനത്തിന് സര്‍ക്കാര്‍ നല്‍കിയ അനുവാദം ചരിത്രപരമാണ്. വിപ്ലവകരമായ ഈ രണ്ട് തീരുമാനങ്ങളും ദേവസ്വം ബോര്‍ഡ് നിയമനത്തില്‍ നടപ്പാക്കിയതിന് ദേവസ്വം മന്ത്രിയെയും പ്രത്യേകം അഭിനന്ദിക്കേണ്ടതുണ്ട്.

രാജ്യത്തിനു തന്നെ മാതൃകയായ പുരോഗമനകരമായ തീരുമാനമാണിത്.

കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാറിന്റെ കാലത്താണ് ഇന്ത്യയില്‍ ആദ്യമായി മുന്നോക്ക വിഭാഗത്തിലെ പാവപ്പെട്ടവര്‍ക്കും അംഗ പരിമിതര്‍ക്കും മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും സംവരണം ഏര്‍പ്പെടുത്തിയിരുന്നത്. പിന്നോക്ക പട്ടികജാതി പട്ടികവര്‍ഗ്ഗത്തോടൊപ്പമായിരുന്നു ഈ തീരുമാനവും വന്നിരുന്നത്.

SC ST ഒഴികെയുള്ള പിന്നോക്ക വിഭാഗങ്ങളുടെ സംവരണത്തില്‍ ആദ്യ പരിഗണന അതാത് വിഭാഗങ്ങളിലെ പാവങ്ങള്‍ക്ക് നല്‍കണമെന്നതാണ് സിപിഎം നിലപാട്. മുന്നോക്ക ജാതിയിലെ വളരെ പാവപ്പെട്ടവരായവര്‍ക്ക് ഒരു ചെറിയ ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്നതും സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടാണ്. അമ്പത് ശതമാനം വരുന്ന സംവരണ ക്വാട്ടയില്‍ നിന്ന് ഒന്ന് പോലും കുറയാതെ വേണം മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സംവരണം നല്‍കാനെന്നും സിപിഎം എടുത്തു പറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കുന്നവര്‍ സംവരണത്തിന്റെ ഈ ചരിത്രംകൂടി പരിശോധിക്കുന്നത് നല്ലതാണ്.

എല്ലാ ജാതി മതങ്ങളിലും പെട്ടവരൊന്നിച്ച് അണിനിരക്കേണ്ട ജീവിത സമരങ്ങളെ ഭിന്നിപ്പിക്കാനുള്ള ആയുധമായി സംവരണത്തെ ഉപയോഗപ്പെടുത്തുന്നവരെയാണ് നാം തിരിച്ചറിയേണ്ടത്.

മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് 10 % സംവരണം വിട്ട് കൊടുക്കുന്നതിലൂടെ ജനറല്‍ വിഭാഗത്തില്‍ നഷ്ടമായേക്കാവുന്ന ഒന്നാ രണ്ടോ ശതമാനം വരുന്ന അവസരങ്ങളുടെ പേര് പറഞ്ഞ് വിവാദം ഉണ്ടാക്കുന്നത് ശരിയായ നടപടിയല്ല. കഷ്ടപ്പാടിന്റെ വേദന എല്ലാ സമുദായത്തിലേയും പാവങ്ങള്‍ക്ക് ഒരു പോലെതന്നെയാണ്.

ജാതി സംവരണത്തിന് പകരമാവില്ല സാമ്പത്തിക സംവരണമെന്ന വാദം നൂറ് ശതമാനം സത്യമാവുമ്പോള്‍ തന്നെ ഫ്യൂഡല്‍ അവശിഷ്ടങ്ങളും മുതലാളിത്ത ഉല്‍പ്പാദന ക്രമങ്ങളും നിലനില്‍ക്കുന്ന ഒരു സമൂഹത്തിന്റെ ഘടനാപരമായ മാറ്റങ്ങള്‍ക്ക് പകരമാവാന്‍ ജാതി സംവരണത്തിന് കഴിയുകയില്ല എന്നതും തിരിച്ചറിയണം.

ഭൂപരിഷ്‌ക്കരണ ശ്രമങ്ങള്‍ നടന്നിടങ്ങളിലും അല്ലാത്തിടങ്ങളിലും അനുഭവിച്ചറിയാവുന്ന വ്യത്യാസങ്ങള്‍ കണക്കുകളിലും വ്യക്തമാണ് 2015 ല്‍ കണക്കെടുത്തപ്പോള്‍ 79,483 ഒ ബി സിക്കാര്‍ കേറേണ്ടിടത്ത് ആകെ കേറിയത് 9040 പേര്‍ മാത്രമായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധമായ റിപ്പോര്‍ട്ട് അന്ന് പുറത്തു വിട്ടിരുന്നത്.

തൊഴിലാളികളും കര്‍ഷകരും മറ്റും ഒന്നിച്ച് സമരം ചെയ്ത് മുന്നേറാത്തിടങ്ങളിലാണ് ഈ ‘പ്രതിഭാസം’ കൂടുതലായി കണ്ടിരുന്നത്.

പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ നിര്‍വ്വഹിച്ചിരിക്കുന്നത് ജനകീയ ജനാധിപത്യ സമര സഖ്യത്തിലേക്ക് യഥാര്‍ത്ഥ അവകാശമുള്ള പങ്കാളികളെ രാഷ്ട്രീയമായ് കൂട്ടിച്ചേര്‍ക്കുന്ന ശരിയായതും ചരിത്രപരമായതുമായ ഒരു കടമയാണ്.

ജാതി സംവരണ നിയമത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ മാറ്റാതെ തന്നെ നാടിന്റെ പരസ്പര സഹകരണവും സമര ഐക്യവും ഭാവി സുരക്ഷയും ലക്ഷ്യം വെക്കുന്നതാണിത്. വര്‍ഗ്ഗ സമരം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രദ്ധേയമായ ഒരു ചുവട് വെയ്പ്പായും ഈ തീരുമാനങ്ങളെ വിലയിരുത്താവുന്നതാണ്. മുന്നോക്ക സംവരണം വിവാദമാക്കി മുതലെടുപ്പിന് ശ്രമിക്കുന്നവര്‍ മനുഷ്യരെ മനുഷ്യരായി കാണാനാണ് ആദ്യം പഠിക്കേണ്ടത്.

Political Reporter

Top