എന്‍എസ്എസിനെ തള്ളി സര്‍ക്കാര്‍ വാദം അംഗീകരിച്ച് കോടതി; സാമ്പിള്‍ സര്‍വേയ്ക്ക് സ്റ്റേയില്ല

കൊച്ചി: മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്താനുള്ള സാമ്പിള്‍ സര്‍വേയ്ക്ക് സ്റ്റേയില്ല. എ വി രാമകൃഷ്ണപിള്ള കമ്മിഷന്‍ ശുപാര്‍ശയില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ജനുവരി 31ന് മുന്‍പ് കോടതിയില്‍ സമര്‍പ്പിക്കണം.

മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താന്‍ സമഗ്ര സര്‍വേ നടത്തണമെന്നായിരുന്നു രാമകൃഷ്ണപിള്ള കമ്മിഷന്‍ ശുപാര്‍ശ ചെയ്തത്. സാമ്പിള്‍ സര്‍വേയ്ക്കെതിരായ എന്‍എസ്എസിന്റെ ഹര്‍ജി ജനുവരി 31ന് വീണ്ടും കോടതി പരിഗണിക്കും. വിഷയത്തില്‍ സര്‍വേയ്ക്ക് സ്റ്റേ അനുവദിക്കണമെന്നായിരുന്നു എന്‍എസ്എസിന്റെ ആവശ്യം.

ഇപ്പോള്‍ നടക്കുന്ന സാമ്പിള്‍ സര്‍വേ ആര്‍ക്കോ വേണ്ടിയുള്ള പ്രഹസനമാണെന്നാണ് എന്‍എസ്എസിന്റെ ആരോപണം. സര്‍വേ ഭാവിയില്‍ ആധികാരിക രേഖയായി മാറേണ്ടതാണ്. സംവിധാനത്തിലും മാതൃകയിലും യോഗ്യരായ ഉദ്യോഗസ്ഥരെക്കൊണ്ട് വിവര ശേഖരണം നടത്തണം. എന്‍എസ്എസിന്റെ ആവശ്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന കമ്മിഷന്റെ കണ്ടെത്തല്‍ അപലപനീയമാണ്. കമ്മിഷന്‍ നിലപാട് പുനഃപരിശോധിച്ച് സെന്‍സസ് എടുക്കുന്ന രീതിയില്‍ സര്‍വേ പൂര്‍ത്തിയാക്കണമെന്നും എന്‍എസ്എസ് ആവശ്യപ്പെട്ടിരുന്നു.

Top