സാമ്പത്തികസംവരണബില്‍: ബിജെപിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തെ തള്ളി വിഎസ്

തിരുവനന്തപുരം: സാമ്പത്തികസംവരണത്തിനുള്ള ഭരണഘടന ഭേദഗതി ബില്ല് ഇന്ന് ലോകസഭയില്‍ അവതരിപ്പിക്കാനിരിക്കെ വിയോജിപ്പ് പ്രകടിപ്പിച്ച് വിഎസ് അച്യുതാനന്ദന്‍. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികസംവരണബില്ല് പാസ്സാക്കരുതെന്ന് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

ബില്ല് നടപ്പാക്കുന്നതിന് പിന്നില്‍ ബിജെപിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. ബില്ലിന്‍മേല്‍ രാജ്യവ്യാപകചര്‍ച്ച ആവശ്യമാണ്. അച്യുതാനന്ദന്‍ വ്യക്തമാക്കി. എന്നാല്‍ സാമ്പത്തികസംവരണ നീക്കത്തെ സ്വാഗതം ചെയ്യുന്നുവെന്നാണ് സിപിഎം ഇന്നലെ അറിയിച്ചത്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടിനെയാണ് വി എസ് തള്ളിപ്പറഞ്ഞിരിക്കുന്നത്.

പിന്നാക്കവിഭാഗങ്ങളുടെ സംവരണാംശം കുറയ്ക്കാതെ സാമ്പത്തികസംവരണം നടപ്പാക്കുന്നത് അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിഎസ് വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയത്.

നിലവില്‍ പട്ടികജാതി പട്ടിക വര്‍ഗമടക്കമുള്ള പിന്നാക്ക വിഭാഗങ്ങള്‍ക്ക് ആകെ 50 ശതമാനമാണ് ഭരണഘടനാപ്രകാരം സംവരണമുള്ളത്. ഇതിന് പുറമെയാണ് മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാര്‍ക്കുള്ള 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള നീക്കം.

Top