ഇന്ത്യയില്‍ ഒമിക്രോണിന്റെ പുതിയ ഉപ വകഭേദം പകരുന്നതായി ഗവേഷകര്‍

ന്യൂഡല്‍ഹി: ആര്‍ ടി പി സി ആര്‍ ടെസ്റ്റിലൂടെ പോലും കണ്ടെത്താന്‍ സാധിക്കാത്ത ഒമിക്രോണിന്റെ പുതിയ ഉപവകഭേദത്തെ നാല്‍പ്പതില്‍പരം രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതായി യു കെ. യൂറോപ്പിലുടനീളം കൂടുതല്‍ ശക്തമായ തരംഗത്തിന് കാരണമായേക്കാവുന്ന ബി എ.2 ഉപവകഭേദമാണ് കണ്ടെത്തിയിരിക്കുന്നത്.

ഒമിക്രോണ്‍ വകഭേദത്തിന് മൂന്ന് ഉപവകഭേദങ്ങളുണ്ടെന്നാണ് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തുന്നത്. ബി എ.1, ബി എ.2, ബി എ.3. ലോകമെമ്പാടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒമിക്രോണ്‍ കേസുകളില്‍ ബി എ.1 ഉപവകഭേദമാണ് ഏറ്റവും പ്രബലം.

അതേസമയം, ബി എ.2വും അതിവേഗം വ്യാപിക്കുകയാണ്. എന്നാല്‍ ഡെന്‍മാര്‍ക്കില്‍ സ്ഥിരീകരിച്ച ഒമിക്രോണ്‍ കേസുകളില്‍ അന്‍പത് ശതമാനവും ബി എ.2 ഉപവകഭേദമാണെന്നാണ് സ്ഥിരീകരണം. യു കെയിലെ ആരോഗ്യ വിദഗ്ദ്ധര്‍ ബി എ.2വിനെ ‘പരിശോധനയില്‍ ആയിരിക്കുന്ന വകഭേദമെന്നാണ്’ വിശേഷിപ്പിച്ചിരിക്കുന്നത്. ‘ആശങ്കപ്പെടേണ്ട വകഭേദമായി’ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് ഇത്തരത്തില്‍ വിശേഷിപ്പിക്കുന്നത്.

യു കെയ്ക്കും ഡെന്‍മാര്‍ക്കിനും പുറമേ ഇന്ത്യ, സ്വീഡന്‍, നോര്‍വെ എന്നിവിടങ്ങളിലും ഒമിക്രോണിന്റെ പുതിയ ഉപവകഭേദം കണ്ടെത്തിയിട്ടുണ്ട്.

Top