സ്പര്‍ശനമറിയാന്‍ സഹായിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ സ്‌കിന്‍ കവര്‍ വികസിപ്പിച്ച് ഗവേഷകര്‍

മ്മുടെ സ്പര്‍ശനങ്ങള്‍ക്കനുസരിച്ചുള്ള വികാരം പ്രകടമാക്കുന്ന സ്മാര്‍ട്‌ഫോണ്‍ സാങ്കേതികവിദ്യ ഒരു സംഘം ഗവേഷകര്‍ അവതരിപ്പിച്ചു. ഫോണിന് നമ്മുടെ സ്പര്‍ശനങ്ങളൊക്കെ അറിയാന്‍ സഹായിക്കുന്ന ഒരു പ്രത്യകതരം കവറാണ് ഇവര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. പാരീസിലെയും ബ്രിസ്റ്റലിലെയും ഗവേഷകരാണ് ഈ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്. ഈ കവറില്‍ തൊട്ടുകൊണ്ട് ഫോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നതുകൊണ്ട് ഈ കവര്‍ സ്‌കിന്‍ ഓണ്‍ ഇന്റര്‍ഫേസ് എന്നാണ് അറിയപ്പെടുന്നത്.

ഇപ്പോള്‍ നമ്മള്‍ ഫോണുകള്‍ക്കും മറ്റും ഉപയോഗിക്കുന്ന കെയ്‌സുകളെക്കാള്‍ കൂടുതല്‍ സ്വാഭാവികമാണ് ഈ കൃത്രിമ ത്വക്കെന്ന് ഗവേഷകര്‍ വ്യക്തമാക്കി. പല രീതിയിലും ഇത് മനുഷ്യ ചര്‍മ്മത്തെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. പല പാളികളുള്ള ഈ പാട നിര്‍മിക്കാന്‍ മുകളില്‍ ഒരു സര്‍ഫസ് ടെക്‌സ്ചര്‍ മേഖലയും അതിനടിയില്‍ ഇലക്ട്രോഡ് പാളിയുമാണ് ഉള്‍ക്കൊളളിച്ചിരിക്കുന്നത്. ഇലക്ട്രോഡ് തലത്തില്‍ ചാലകങ്ങളായ ഇഴകളും, ഹൈപോഡെര്‍മിസ് പാളിയുമാണുള്ളത്. സിലിക്കണ്‍ പാട, മനുഷ്യ ചര്‍മത്തില്‍ കാണാവുന്ന പാളികളെ പോലെ പെരുമാറുന്നു.

കൃത്രിമ ത്വക്കണിഞ്ഞ ഫോണാണ് ഉപയോഗിക്കുന്നതെങ്കില്‍ അതിലൂടെ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ വികാരങ്ങള്‍ സ്പര്‍ശനത്തിലൂടെ പങ്കുവയ്ക്കാനാകുമെന്നുമാണ് അവകാശപ്പെടുന്നത്. രോമങ്ങളും താപനിലയും ത്വക്കില്‍ ഉള്‍ക്കൊള്ളിക്കാനുള്ള ശ്രമം ഗവേഷകര്‍ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു.

Top