ഫെല്ലോഷിപ്പില്‍ വര്‍ദ്ധനവില്ല; രാജ്യ വ്യാപകമായി പ്രതിഷേധത്തിനൊരുങ്ങി ഗവേഷക വിദ്യാര്‍ത്ഥികള്‍

കൊച്ചി: വര്‍ഷങ്ങളായി ഫെല്ലോഷിപ്പില്‍ വര്‍ദ്ധനവില്ലാത്തതിനാല്‍ രാജ്യ വ്യാപക പ്രതിഷേധത്തിനൊരുങ്ങി ഗവേഷക വിദ്യാര്‍ത്ഥികള്‍. അവസാനമായി ഫെല്ലോഷിപ്പ് പരിഷ്‌കരണം നടത്തിയത് 2014ലാണ്. ഇതിന് ശേഷം നിരവധി അപേക്ഷകള്‍ നല്‍കിയിട്ടും മാനവ വിഭവശേഷി മന്ത്രാലയത്തില്‍ നിന്ന് ഔദ്യോഗികമായ സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഡിസംബര്‍ 21 നാണ് രാജ്യ വ്യാപകമായി പ്രക്ഷോഭം നടത്താന്‍ ഗവേഷക വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (RGCB), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (IISER), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (IIST), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി (CSIRNIIST), ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (SCTIMST), കേരള യൂണിവേഴ്‌സിറ്റി (KU) തുടങ്ങി നിരവധി ഗവേഷണ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ കേരള യൂണിവേഴ്‌സിറ്റിക്ക് സമീപം വൈകിട്ട് മൂന്ന് മണിമുതല്‍ പ്രതിഷേധ ജാഥ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് 25000 രൂപയും, സീനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് 28000 രൂപയുമാണ്. 50000 രൂപയും, 56000 രൂപയും ആയി ഉയര്‍ത്തണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.

Top