ഗവേഷക വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; ബന്ധുക്കളുടെ മൊഴിയെടുക്കുന്നത് അടുത്ത ദിവസത്തേക്ക് മാറ്റി

പാലക്കാട്: ഗവേഷക വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തുന്നത് അടുത്ത ദിവസത്തേക്ക് മാറ്റി. കൊല്ലങ്കോട് സിഐയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടില്‍ എത്തിയെങ്കിലും മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല. സംസാരിക്കാനുള്ള മാനസികാവസ്ഥയിലല്ല ബന്ധുക്കളെന്ന് ബോധ്യപ്പെട്ടതിനാലാണ് മൊഴിയെടുക്കല്‍ മാറ്റിയത്.

കൊല്ലങ്കോട് പയ്യല്ലൂര്‍മുക്ക് സ്വദേശി കൃഷ്ണയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ തൂങ്ങി മരിച്ചത്.
കോയമ്പത്തൂര്‍ അമൃത വിശ്വ വിദ്യാപീഠത്തിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ഗവേഷണ വിദ്യാര്‍ത്ഥിനിയായിരുന്നു കൃഷ്ണ.

അഞ്ച് വര്‍ഷത്തെ ഗവേഷണത്തിന് ശേഷം തയാറാക്കിയ പ്രബന്ധം ഗൈഡ് നിരസിച്ചതിന്റെയും നിരന്തരമായ മാനസിക പീഡനത്തെയും തുടര്‍ന്നാണ് ആത്മഹത്യയെന്ന് കൃഷ്ണയുടെ സഹോദരി ആരോപിച്ചിരുന്നു. കൃഷ്ണയുടെ ഗൈഡായിരുന്ന രാധിക, കൃഷ്ണ തമ്പാട്ടി എന്നിവര്‍ക്കെതിരെയായിരുന്നു ബന്ധുക്കളുടെ ആരോപണം.

എന്നാല്‍ ആരോപണം തള്ളി അധ്യാപിക രാധിക രംഗത്തെത്തിയിരുന്നു. കൃഷ്ണയുമായി ഉണ്ടായിരുന്നത് നല്ല ബന്ധമായിരുന്നുവെന്നും പ്രബന്ധത്തില്‍ തിരുത്തല്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു അധ്യാപിക പറഞ്ഞത്.

 

Top