വിമാനത്തില്‍ ബിജെപി സര്‍ക്കാരിനെതിരേ മുദ്രാവാക്യം; തമിഴ്‌നാട്ടില്‍ ഗവേഷക വിദ്യാര്‍ഥിനി അറസ്റ്റില്‍

arrest

തൂത്തുക്കുടി: വിമാന യാത്രയ്ക്കിടെ ബിജെപി സര്‍ക്കാരിനെതിരേ മുദ്രാവാക്യം മുഴക്കിയെന്ന പരാതിയില്‍ തമിഴ്‌നാട്ടില്‍ ഗവേഷക വിദ്യാര്‍ഥിനി അറസ്റ്റില്‍. കാനഡയിലെ മോണ്‍ട്രിയല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയായ സോഫിയ ലോയിസാണ് അറസ്റ്റിലായത്.

തമിഴ്‌നാട് ബിജെപി പ്രസിഡന്റ് തമിഴിസൈ സൗന്ദര്‍രാജന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. അറസ്റ്റിലായ സോഫിയയെ ജുഡീഷല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

വിമാനത്തിലിരുന്ന് സോഫിയ ‘ബിജെപിയുടെ ഫാസിസ്റ്റ് സര്‍ക്കാര്‍ തുലയട്ടെ’ എന്ന് വിളിച്ചുപറഞ്ഞതായി തമിഴിസൈ പറഞ്ഞു. തമിഴിസൈയുടെ തൊട്ടുപിന്നിലെ സീറ്റിലായിരുന്നു സോഫിയ ഇരുന്നത്. ഇതേതുടര്‍ന്ന് ബിജെപി നേതാവ് തൂത്തുക്കുടിയിലെ പുതുക്കോട്ട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പിന്നാലെ തൂത്തുക്കുടി വിമാനത്താവളത്തില്‍നിന്നു പൊലീസ് സോഫിയയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സോഫിയ ഭീകരസംഘടനയിലെ അംഗമാണെന്ന് തമിഴിസൈ പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു.

അവര്‍ ഒരു സാധാരണ വ്യക്തിയെ പോലെയായിരുന്നില്ലെന്നും, വിമാനത്തിലെ മറ്റു യാത്രക്കാര്‍ക്ക് അവര്‍ ശല്യമുണ്ടാക്കി. അതുകൊണ്ടാണ് ഞാന്‍ പ്രതികരിച്ചത്. ഒരു പൊതുസ്ഥലത്തു ജനങ്ങള്‍ക്കു ശബ്ദം ഉണ്ടാക്കാം, പക്ഷേ ഒരു വിമാനത്തില്‍ അലറാന്‍ ആര്‍ക്കും അവകാശമില്ലെന്നും തമിഴിസൈ മാധ്യമങ്ങളോടു പറഞ്ഞു.

Top