ഓഖി ; വ്യോമസേന 15 മത്സ്യതൊഴിലാളികളെ കൂടി പുറംകടലില്‍ നിന്ന്‌ രക്ഷപ്പെടുത്തി

കോഴിക്കോട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ അകപ്പെട്ട 15 മത്സ്യതൊഴിലാളികളെ കൂടി രക്ഷപ്പെടുത്തി.

വ്യോമസേനയാണ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.

ഇവരെ ഹെലികോപ്റ്ററില്‍ കവരത്തിയില്‍ എത്തിക്കും.

കോഴിക്കോട് ഭാഗത്ത് പുറംകടലില്‍ നിന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.

അതേസമയം, ഓഖി ചുഴലിക്കാറ്റിലകപ്പെട്ട് മരിച്ച മൂന്നു പേരുടെ മൃതദേഹങ്ങൾ കൂടി ഇന്ന് കണ്ടെത്തി.

ഒരു മൃതദേഹം കായംകുളത്തിനടുത്ത് അഴീക്കലിലും, രണ്ട് മൃതദേഹങ്ങള്‍ ആലപ്പുഴക്കും കൊച്ചിക്കുമിടയിലായാണ് കണ്ടെത്തിയത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 38 ആയി .

മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റാണ് മൃതദേഹം കണ്ടെടുത്തത്.

അതേസമയം ഓഖി ചുഴലിക്കാറ്റില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ എട്ടാം ദിവസവും തുടരുകയാണ്.

നാവിക, വ്യോമസേനകളും കോസ്റ്റ് ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റുമാണ് തെരച്ചില്‍ നടത്തുന്നത്.

നാവിക സേനയുടെ 10 കപ്പലുകളാണ് ഇപ്പോള്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി കടലില്‍ ഉള്ളത്. ഇതില്‍ രണ്ട് കപ്പലുകള്‍ മത്സ്യത്തൊഴിലാളികളുടെ കൂടി സഹായത്തോടെയാണ് തെരച്ചില്‍ നടത്തുന്നത്.

Top