ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായവുമായി ഉണ്ണി മുകുന്ദനും ദിലീപും ; താരപ്പട രംഗത്ത്

കൊച്ചി : മഴക്കെടുതി കാരണം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ജനങ്ങള്‍ക്ക് സഹായഹസ്തവുമായി സിനിമാ താരങ്ങളും. ദുരിതം അനുഭവിക്കുന്നവര്‍ക്ക് തുണിത്തരങ്ങള്‍ എത്തിക്കാനുള്ള തിരക്കിലാണ് നടന്‍ ദിലീപ്. മഴ ഏറ്റവും കൂടുതല്‍ ദുരിതം വിതച്ചത് ദിലീപിന്റെ നാടായ ആലുവയില്‍ ആണ്. ദിലീപ് ഇതിനു മുന്നേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ സംഭാവനയും നല്‍കിയിരുന്നു.

ലയണ്‍സ് ക്ലബ് അംഗങ്ങള്‍ക്കൊപ്പം ക്യാമ്പില്‍ എത്തിയ ഉണ്ണി മുകുന്ദന്‍ വസ്ത്രങ്ങളും മറ്റു ആവശ്യ സാധനങ്ങളും വിതരണം ചെയ്തു. ഷൂട്ടിങ്ങിനിടെ പരിക്ക് പറ്റിയ അമല പോളും ക്യാമ്പുകളില്‍ എത്തിയിരുന്നു. സാനിറ്ററി നാപ്കിനുകള്‍, പുതപ്പുകള്‍ തുടങ്ങിയവ വാങ്ങി ക്യാമ്പുകളിലേക്ക് എത്തിക്കുന്ന അമല പോളിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.

ചലച്ചിത്രതാരങ്ങളായ ജയസൂര്യ, ടൊവിനോ തോമസ്, ആസിഫ് അലി തുടങ്ങി ഒട്ടേറെ താരങ്ങള്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ട്.

ഇരിങ്ങാലക്കുട കേന്ദ്രീകരിച്ചായിരുന്നു ടൊവിനോയുടെ പ്രവര്‍ത്തനം. രക്ഷാദൗത്യസേന എത്തിയിട്ടും വീട് വിട്ടിറങ്ങാത്തവരോട് അപേക്ഷയുമായി താരം വിഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു.

Top