മണ്ണിനടിയില്‍ 30ഓളം കുടുംബങ്ങള്‍; കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനം വൈകുന്നു…

മലപ്പുറം: കനത്ത മഴയില്‍ ഉരുള്‍പ്പൊട്ടിയ മലപ്പുറം കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനം വൈകുകയാണ്. മുപ്പതോളം വീടുകള്‍ മണ്ണിനടിയിലാണ്. ഇരുനില വീടുകള്‍ പോലും പുറത്ത് കാണാനാകാത്ത വിധം കല്ലും മണ്ണും വന്ന് മൂടിയിരിക്കുകയാണ്. ഒറു കിലോമീറ്ററോളം പൂര്‍ണ്ണമായും മണ്ണിനടിയിലായിരിക്കുകയാണ്. നാല്‍പ്പത് പേരെയെങ്കിലും കാണാതായിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കവളപ്പാറയിലേക്കുള്ള വഴിയില്‍ തടസങ്ങള്‍ താല്‍ക്കാലികമായി മാറ്റി എന്‍ഡിആര്‍എഫ് സംഘവും ഫയര്‍ഫോഴ്‌സ് സംഘവും എത്തിച്ചേര്‍ന്നെങ്കിലും രക്ഷാ പ്രവര്‍ത്തനം ആരംഭിക്കാനാകാത്ത അവസ്ഥയാണ് ഇപ്പോഴുമുള്ളത്. വലിയതോതില്‍ ചെളിയടിഞ്ഞ് കിടക്കുന്ന പ്രദേശത്ത് എങ്ങനെ രക്ഷാപ്രവര്‍ത്തനം തുടങ്ങണം എന്ന് പോലും അറിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. വലിയ മണ്ണുമാന്തിയന്ത്രങ്ങള്‍ അടക്കം സ്ഥലത്തെത്തിച്ചാല്‍ മാത്രമെ രക്ഷാപ്രവര്‍ത്തനം തുടങ്ങാനെങ്കിലും കഴിയു എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.

അതേസമയം ഉരുള്‍പൊട്ടലില്‍ കാണാതായ 10 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. 48 പേരെ കാണാതായെന്നാണ് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ബന്ധു വീടുകളിലോ ദുരിതാശ്വാസ ക്യാമ്പുകളിലോ കാണാതായവര്‍ എത്തിയിട്ടില്ലെന്നാണ് വിവരം.

വൈകിട്ട് അഞ്ചോടെയാണ് അതിഭീകരമായ ഉരുള്‍പൊട്ടലുണ്ടായത്. രണ്ടു എസ്റ്റേറ്റു പാടിയും പള്ളിയും അമ്പലവും മറ്റു സ്ഥാപനങ്ങളും ഉള്ള പ്രദേശത്തയിരുന്നു ഉരുള്‍പൊട്ടലുണ്ടായത്. പുത്തുമലയുടെ ഒരു ഭാഗം അപ്പാടെ താഴേക്ക് ഒലിച്ചു പോയി. പുത്തുമല പച്ചക്കാട്ടിലെ ചായക്കടയില്‍ ഉണ്ടായിരുന്നവര്‍ ഭീകര ദൃശ്യം കണ്ട് ഓടി രക്ഷപ്പെട്ടു. തേയിലത്തോട്ടത്തില്‍ ജോലിക്കെത്തിയ അസം സ്വദേശികളടക്കമുള്ളവര്‍ മണ്ണിനടിയില്‍ പെട്ടതായാണു സൂചന

Top