പോളിംഗ് ദിനത്തില്‍ വോട്ടഭ്യര്‍ഥിച്ചു; രാഹുലിനെതിരെ ബിജെപി

പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുമ്പോഴും വോട്ടഭ്യര്‍ഥിച്ചു കൊണ്ടുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനെതിരെ ബിജെപി ബുധനാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. നീതി, തൊഴില്‍, കര്‍ഷകത്തൊഴിലാളികള്‍ എന്നിവര്‍ക്ക് വേണ്ടി മഹാസഖ്യത്തിന് വോട്ട് രേഖപ്പെടുത്തണമെന്നാണ് രാഹുല്‍ ഗാന്ധി വോട്ടര്‍മാരോട് ആവശ്യപ്പെട്ടത്.

കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ക്കിടയില്‍ കര്‍ശന സുരക്ഷയോടെയാണ് ബിഹാറിലെ 71 നിയമസഭാ മണ്ഡലങ്ങളില്‍ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് ബുധനാഴ്ച രാവിലെ ആരംഭിച്ചത്. ”ഇത്തവണ നീതി, തൊഴില്‍, കര്‍ഷക തൊഴിലാളികള്‍, എന്നിവര്‍ക്കായി നിങ്ങളുടെ വോട്ട് മഹസഖ്യത്തിന് വേണ്ടി മാത്രം ചെയ്യുക. ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍’, എന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.

വോട്ടെടുപ്പ് ദിവസം വോട്ട് തേടാന്‍ പാടില്ലെന്നാണ് മാതൃകാ പെരുമാറ്റച്ചട്ടം. ഒക്ടോബര്‍ 28, നവംബര്‍ 3, നവംബര്‍ 7 എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് ബിഹാര്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 10ന് ഫലം പുറത്തുവരും.

Top