വിമത എംഎൽഎമാരോട് തിര‍ിച്ചുവരാൻ അഭ്യർഥന; വികാര നിർഭരനായി ഉദ്ധവ് താക്കറെ

മുംബൈ : വിമത എംഎൽഎമാരോട് തിര‍ിച്ചുവരാൻ അഭ്യർഥന നടത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ‘‘ശിവസേനയുടെ ഹൃദയത്തിലിപ്പോഴും നിങ്ങളുണ്ട്. നിങ്ങൾ കുറച്ചു ദിവസമായി ബന്ധനത്തിലാണ്. ഓരോ ദിവസവും പുതിയ വിവരങ്ങളാണുണ്ടാകുന്നത്. ഭൂരിഭാഗം പേരും ഇപ്പോഴും ബന്ധം നിലനിർത്തുന്നുണ്ട്.’’– ഉദ്ധവ് താക്കറെ പറഞ്ഞു. വളരെ വികാര നിർഭരമായ വാക്കുകളുമായാണ് ഉദ്ധവ് താക്കറെ സംസാരിച്ചത്.

എത്രയുംപെട്ടെന്ന് തന്നെ എംഎൽഎമാരുമായി മുംബൈയിലെത്തുമെന്ന് വിമത എംഎൽഎമാരുടെ നേതാവ് ഏക്നാഥ് ഷിൻഡെ അറിയിച്ചു. ഇതിനിടെ, പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തന്ത്രങ്ങളുമായി ബിജെപി മുന്നോട്ടുപോകുകയാണ്. വിമതർക്ക് അയോഗ്യതാ നോട്ടിസിനു മറുപടി നൽകാൻ ജൂലൈ 12 വൈകിട്ട് 5.30 വരെ സുപ്രീം കോടതി സമയം അനുവദിച്ചതോടെ തിരക്കിട്ട് അയോഗ്യതാ നടപടി ഉണ്ടാകില്ലെന്നതും വിമതപക്ഷത്തിന് ആത്മവിശ്വാസം നൽകുന്നു.

Top