റിപ്പബ്ലിക് ടി .വി ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി സംഘപരിവാര്‍

റിപ്പബ്ലിക് ടി വി പൂട്ടണമെന്ന ബ്രോഡ്കാസ്റ്റിങ് നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ ചാനല്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തിയിരിക്കുകയാണ് .

കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും അധിക്ഷേപിക്കാന്‍ അവസരം നല്‍കിയെന്നതാണ് റിപ്പബ്ലിക് ടി വിക്കെതിരെ തിരിയാന്‍ സംഘപരിവാറിനെ പ്രേരിപ്പിച്ചത്.

കഴിഞ്ഞ ദിവസം നടന്ന ചാനല്‍ ചര്‍ച്ചയില്‍ രാഷ്ട്രീയ നിരീക്ഷകന്‍ നിശാന്ത് വര്‍മ്മ ബിജെപി അനുകൂലികളെ മോശമായി ചിത്രീകരിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ചര്‍ച്ചയില്‍ ബിജെപിയെ അനുകൂലിച്ച നിഗാത് അബ്ബാസിനോടുള്ള മറുപടിയായാണ് നിശാന്ത് വിവാദ പരാമര്‍ശം നടത്തിയത്.


‘മോദി നീചനാണോ അല്ലയോ എന്നാണ് നിങ്ങള്‍ക്ക് അറിയേണ്ടതെങ്കില്‍ അദ്ദേഹം നീചനാണെന്നാണ് എന്റെ മറുപടി. അദ്ദേഹത്തിനെ പിന്‍തുണക്കുന്നവരും നീചന്‍മാരാണ്. ബിജെപി പ്രവര്‍ത്തകര്‍ സ്ത്രീകളെ അധിക്ഷേപിക്കുകയാണ്. അവരെ ഓണ്‍ലൈന്‍ വഴി വില്‍ക്കുകയാണ്. റേപ്പിസ്റ്റുകളെ ബിജെപി പിന്തുണയ്ക്കുന്നു. ഇതെല്ലാം കാണുമ്പോള്‍ ലജ്ജ തോന്നുന്നുവെന്നായിരുന്നു’ നിശാന്തിന്റെ പക്ഷം.

ബിജെപി പാര്‍ട്ടി സ്ത്രീകളെ ബഹുമാനിക്കുന്നവരായിരുന്നെങ്കില്‍ ബിജെപി നേതാവ് സത്യപാല്‍ സിങ് സാത്തി സോണിയ ഗാന്ധിയെ അധിക്ഷേപിച്ചപ്പോള്‍ എന്തുകൊണ്ട് പുറത്താക്കിയില്ലെന്നും നിശാന്ത് ചര്‍ച്ചയില്‍ ചോദിച്ചിരുന്നു.

മോദിക്കെതിരെ രാഹുല്‍ ഗാന്ധി പ്രയോഗിച്ച ചൗക്കീദാര്‍ ചോര്‍ ഹേ എന്ന പരാമര്‍ശത്തെ കുറ്റപ്പെടുത്തി സാത്തി സോണിയ ഗാന്ധിയെ അധിക്ഷേപിച്ചത് വലിയ വിവാദമായിരുന്നു. അമ്മയെയും മകനെയും ആക്ഷേപിച്ച ആ വാക്കുകള്‍ ബിജെപി പ്രവര്‍ത്തകര്‍ നിറഞ്ഞ കൈയ്യടിയോടെയായിരുന്നു സ്വീകരിച്ചതെന്നും നിശാന്ത് കുറ്റപ്പെടുത്തി.

ബിജെപി പ്രവര്‍ത്തകര്‍ സ്ത്രീകളെ ഇന്‍ര്‍നെറ്റ് വഴി വില്‍ക്കുന്നുവെന്ന പരാമര്‍ശമാണ് സംഘപരിവാര്‍ പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.ഇതിന് പിന്നാലെ റിപ്പബ്ലിക് ടിവിക്ക് നേരെ അണികള്‍ രംഗത്തെത്തി. ചാനല്‍ ചര്‍ച്ചയില്‍ ഇത്ര വലിയ വിവാദ വാക്കുകള്‍ പ്രയോഗിച്ച നിശാന്തിനെ അര്‍ണബ് തടഞ്ഞില്ലെന്നും അയാള്‍ക്ക് അതിനുള്ള അവസരം നല്‍ക്കുകയാണ് ചെയ്തതെന്നും പ്രവര്‍ത്തകര്‍ പറയുന്നു. അത് കൊണ്ട് തന്നെ ചാനല്‍ ബഹിഷ്‌കരിക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം.

Top