റിപ്പബ്ലിക് ദിന ട്രാക്ടര്‍ റാലി; പൊലീസ് ഇന്റലിജന്‍സിന് വന്‍ വീഴ്ച പറ്റി

ന്യൂഡല്‍ഹി:റിപ്പബ്ലിക് ദിനത്തില്‍ നടന്ന റാലിയെ സംബന്ധിച്ച് പൊലീസ് ഇന്റലിജന്‍സിനു വന്‍ വീഴ്ച പറ്റിയതായി വിലയിരുത്തല്‍. കര്‍ഷകരില്‍ തീവ്രനിലപാടുള്ള ഒരു വിഭാഗം ഡല്‍ഹിയിലേക്കു കടക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ഇക്കാര്യം മനസ്സിലാക്കുന്നതില്‍ ഇന്റലിജന്‍സ് വിഭാഗം പരാജയപ്പെട്ടു. സമരക്കാര്‍ ഡല്‍ഹിക്ക് അകത്തേക്ക് ഏതാനും കിലോമീറ്ററുകള്‍ കടന്ന ശേഷം തിരികെപ്പോകുമെന്ന പൊലീസിന്റെ കണക്കുകൂട്ടലും പിഴച്ചു.

ഒരുഘട്ടത്തില്‍, കര്‍ഷകര്‍ റിപ്പബ്ലിക്ദിന പരേഡ് നടക്കുന്ന രാജ്പഥില്‍ വരെയെത്തുമെന്ന പ്രതീതി ഉണ്ടായിരുന്നു. ഇത് ഏതുവിധേനയും തടയണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് ഐടിഒയില്‍ പൊലീസ് ഉറച്ച പ്രതിരോധക്കോട്ട ഒരുക്കിയതോടെ പ്രദേശം യുദ്ധക്കളമായി മാറുകയായിരുന്നു. ചെങ്കോട്ടയിലേക്കും കര്‍ഷകര്‍ കടന്നതോടെ കാര്യങ്ങള്‍ കൈവിട്ടു പോകുകയായിരുന്നു.

നഗരാതിര്‍ത്തിയിലെ ഗാസിപ്പുര്‍, സിംഘു, തിക്രി എന്നിവിടങ്ങളില്‍ നിന്നു കര്‍ഷകര്‍ ഡല്‍ഹിയിലേക്കു പ്രവേശിച്ചതോടെ, പലയിടത്തും പൊലീസ് കാഴ്ചക്കാരായി. ബാരിക്കേഡുകള്‍, കോണ്‍ക്രീറ്റ് കട്ടകള്‍, കണ്ടെയ്നറുകള്‍ എന്നിവ നിരത്തി പൊലീസ് തടസ്സം സൃഷ്ടിച്ചെങ്കിലും ട്രാക്ടറുകള്‍ ഉപയോഗിച്ച് അവ ഇടിച്ചുനീക്കിയാണ് കര്‍ഷകര്‍ മുന്നേറിയത്.

ചെങ്കോട്ടയിലുയര്‍ത്തിയ സിഖ് പതാകകള്‍ മാറ്റാനുള്ള പൊലീസിന്റെ ശ്രമവും ആദ്യം ഫലം കണ്ടില്ല. കര്‍ഷകരുമായി പൊലീസ് കമ്മിഷണര്‍ ചര്‍ച്ച നടത്തിയ ശേഷമാണു പതാക നീക്കം ചെയ്യാനായത്. ചെങ്കോട്ട, ഐടിഒ എന്നിവിടങ്ങളിലുള്‍പ്പെടെ സംഘര്‍ഷത്തില്‍ ഒട്ടേറെ പൊലീസുകാര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ചെങ്കോട്ട കയ്യടക്കിയ കര്‍ഷകരെ നേരിടാന്‍ മതിലിലൂടെ പിടിച്ചുകയറിയ പൊലീസുകാരില്‍ പലരും വടികൊണ്ടുള്ള ആക്രമണത്തില്‍ താഴെയുള്ള കിടങ്ങിലേക്കു വീണു.

 

 

Top