ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി റിപ്പബ്ലിക്ക് ഡേ പരേഡിനിടെ രാഹുല്‍-ഗഡ്കരി സൗഹൃദ സംഭാഷണം

ന്യൂഡല്‍ഹി: ശ്രദ്ധേയമായി ഗഡ്കരിയുടെയും രാഹുലിന്റെയും സൗഹൃദ സംഭാഷണം. റിപ്പബ്ലിക്ക് ഡേ പരേഡിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നിതിന്‍ ഗഡ്കരിയും തമ്മില്‍ നടത്തിയ സൗഹൃദ സംഭാഷണമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമായിരിക്കുന്നത്. ഡല്‍ഹി രാജ്പഥില്‍ 70ാം റിപ്പബ്ലിക് ദിനാഘോഷം പ്രൗഢഗംഭീരമായി നടന്നുകൊണ്ടിരിക്കേയായിരുന്നു സദസില്‍ ശ്രദ്ധയാകര്‍ഷിച്ച് രാഹുല്‍ ഗാന്ധി നിതിന്‍ ഗഡ്കരി സൗഹൃദം.

മുന്‍ നിരയിലായിരുന്നു രാഹുല്‍ ഗാന്ധിയും നിതിന്‍ ഗഡ്കരിയും ഇരുന്നിരുന്നത്. ചടങ്ങ് തുടങ്ങിയത് മുതല്‍ അവസാനം വരെ ഇരുവരും സൗഹൃദ സംഭാഷണത്തിലായിരുന്നു. ഇതേ നിരയില്‍ തന്നെയാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷായും സ്ഥാനം ഉറപ്പിച്ചിരുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ ഇരുവരുടേയും സൗഹൃദ സംഭാഷണം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. അമിത് ഷാ -മോദി കൂട്ടുകെട്ടിനെ അംഗീകരിക്കില്ലെന്നും 2019ല്‍ ഗഡ്കരി പ്രധാനമന്ത്രി ആയാല്‍ പിന്തുണക്കുമെന്നും എന്‍ഡിഎ ഘടക കക്ഷിയായ ശിവസേന സമീപ കാലത്ത് വ്യക്തമാക്കിയിരുന്നു.

വിവാദങ്ങള്‍ക്കിടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കും മറ്റുമായി രൂപീകരിച്ച സമിതികളില്‍ ഗഡ്കരിക്ക് ബിജെപി കാര്യമായ ഇടം നല്‍കാതിരുന്നതും ശ്രദ്ധേയമാണ്.

Top