ഐശ്വര്യപൂര്‍ണ്ണമായ കേരളവും, പുതിയൊരിന്ത്യയും ; ഒരുമിച്ച് മുന്നേറാമെന്ന് മുഖ്യമന്ത്രി

Pinaray Vijayan

കൊച്ചി: റിപ്പബ്ലിക് ദിന ആഘോഷ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐശ്വര്യപൂര്‍ണ്ണമായ കേരളവും പുതിയൊരിന്ത്യയും സൃഷ്ടിക്കുന്നതിനായി ഒരുമിച്ച് മുന്നേറാമെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇന്ത്യ റിപ്പബ്ലിക്കായി എത്രയോ വര്‍ഷം കഴിഞ്ഞിട്ടും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ പോലും നമുക്കാവുന്നില്ല എന്നത് നമ്മെ ചിന്തിപ്പിക്കേണ്ടതാണ്, എല്ലാവര്‍ക്കും തുല്യനീതി ലഭ്യമാക്കി ഭരണഘടനാലക്ഷ്യം നിറവേറ്റേണ്ടത് രാജ്യത്തിന്റെ ഭരണാധികാരം കയ്യാളുന്നവരുടെ ചുമതലയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

വിവിധ ഭാഷകളും വിവിധ മതങ്ങളും വിവിധ സംസ്കാരങ്ങളും നിലനിൽക്കുന്ന കോടാനുകോടി മനുഷ്യർ അധിവസിക്കുന്ന ഇന്ത്യ എന്ന മഹത്തായ രാജ്യത്തിന്റെ രൂപീകരണം ദേശീയപ്രസ്ഥാനത്തിന്റെയും സ്വാതന്ത്ര്യ സമരമടക്കമുള്ള സാമൂഹ്യപ്പോരാട്ടങ്ങളുടെയും ഫലമായി സംഭവിച്ചതാണ്. വിവിധ ദേശീയതകളെ അംഗീകരിച്ച്, വിവിധ സംസ്കാരങ്ങളെ കൂട്ടിയിണക്കി, അധികാരം വികേന്ദ്രീകരിച്ച്, എന്നാൽ ഒരു കേന്ദ്രീകൃത ഭരണസംവിധാനത്തിനു കീഴിൽ പ്രവർത്തിച്ചു പോരുന്ന വിശാലമായൊരു ദേശീയതയാണ് നമ്മുടേത്. ബഹുസ്വരതയാണ് അതിന്റെ മുഖമുദ്ര. എന്നാൽ ദേശീയപ്രസ്ഥാനകാലത്ത് നാം ആഗ്രഹിച്ച വിധത്തലുള്ള ഒരു ഭാരതം കെട്ടിപ്പടുക്കാൻ നമുക്കായിട്ടില്ല.

നാനാത്വത്തിൽ ഏകത്വം എന്ന നമ്മുടെ സങ്കല്പം പൂർണമായ അർത്ഥത്തിൽ പുലരുന്നു എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. സാംസ്കാരികമോ രാഷ്ട്രീയമോ മതപരമോ ആയ ഒരു വ്യവസ്ഥയും അടിച്ചേല്പിക്കപ്പെടാൻ ഇടവന്നുകൂടാ. തങ്ങൾ രണ്ടാംതരം പൗരന്മാരാണെന്നോ ഒഴിവാക്കപ്പെടുന്നവരാണെന്നോ രാജ്യത്തെ ഒരു ജനവിഭാഗത്തിനും തോന്നിക്കൂടാ. എല്ലാവരും മുഖ്യധാരയിലാവണം. സ്വാതന്ത്ര്യം ലഭിച്ചിട്ടും ഇന്ത്യ റിപ്പബ്ലിക് ആയിട്ടും എത്രയോ വർഷങ്ങൾ കഴിഞ്ഞു? ദാരിദ്ര്യം തുടച്ചുനീക്കാനോ തൊഴിലില്ലായ്മ പരിഹരിക്കാനോ എല്ലാവർക്കും വിദ്യാഭ്യാസം നൽകാനോ നമുക്ക് കഴിഞ്ഞില്ലെന്നതോ പോട്ടെ, ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ പോലും നമുക്കാവുന്നില്ല എന്നത് നമ്മെ ചിന്തിപ്പിക്കേണ്ടതാണ്.

എല്ലാവർക്കും തുല്യനീതിയും അവസരവും അവകാശങ്ങളും ലഭ്യമാക്കി ഭരണഘടനാലക്ഷ്യം നിറവേറ്റുക എന്നത് രാജ്യത്തിന്റെ ഭരണാധികാരം കയ്യാളുന്നവരുടെ ചുമതലയാണ്. സംസ്ഥാനത്ത് ആധികാരത്തിലിരിക്കുന്ന സർക്കാർ എല്ലാവരെയും ഒരുപോലെ കാണാനും തുല്യനീതി ഉറപ്പാക്കാനുമുള്ള ഇന്ത്യൻ ഭരണഘടനയുടെ നിർദേശം പൂർണ്ണമായും അംഗീകരിച്ചാണ് പ്രവർത്തിക്കുന്നത്. കാലങ്ങളായി അരികിലേക്ക് തള്ളിമാറ്റപ്പെട്ട ജനവിഭാഗങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുള്ള ഭരണ സംവിധാനമാണിവിടെയുള്ളത്. സാമൂഹ്യനീതിയോടൊപ്പം എല്ലാവരുടെയും പുരോഗതി ഈ സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഐശ്വര്യപൂർണ്ണമായ ഒരു കേരളവും പുതിയൊരിന്ത്യയും സൃഷ്ടിക്കുന്നതിനായി നമുക്കൊരുമിച്ചു മുന്നേറാം.

എല്ലാവർക്കും റിപ്പബ്ലിക് ദിനാശംസകൾ

Top