റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം; പത്ത് രാഷ്ട്രത്തലവന്മാരെ സാക്ഷിയാക്കി ചടങ്ങുകള്‍

Republic-day

ന്യൂഡല്‍ഹി: കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടെ 69-ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം. രാജ്പഥില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് ദേശീയ പതാക ഉയര്‍ത്തിയതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ ധീരജവാന്മാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യാ ഗേറ്റിലെ അമര്‍ ജ്യോതിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു. അശോകചക്ര അടക്കമുള്ള സേനാ പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി സമ്മാനിച്ചു. തുടര്‍ന്ന് രാജ്പഥിലൂടെ കര-നാവിക-വ്യോമ സേനകളുടെ പരേഡ് ആരംഭിച്ചു.

ഇതാദ്യമായാണ് റിപ്പബ്ലിക് ദിന പരേഡിന് ഇന്ത്യ ഇത്രയേറെ രാഷ്ട്രത്തലവന്മാരെ ക്ഷണിക്കുന്നത്. ബ്രൂണെയ്, കംബോഡിയ, സിംഗപ്പുര്‍, ലാവോസ്, ഇന്തൊനീഷ്യ, മലേഷ്യ, മ്യാന്‍മാര്‍, ഫിലിപ്പീന്‍സ്, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നീ രാഷ്ട്രങ്ങളുടെ തലവന്മാരാണ് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളില്‍ മുഖ്യാതിഥികളായി പങ്കെടുക്കുന്നത്. ആസിയാന്‍ ഉച്ചകോടിക്കു ശേഷമാണ് രാഷ്ട്രത്തലവന്മാര്‍ റിപ്പബ്ലിക് ദിനാഘോഷത്തിനും അതിഥികളായെത്തിയത്.

Top