സതീഷ് കൗശിക്കിന്റെ മരണത്തില്‍ ദുരൂഹതയെന്ന് റിപോർട്ടുകൾ

മുംബൈ: ബോളിവുഡ് നടനും സംവിധായകനും നിര്‍മാതാവുമായ സതീഷ് കൗശിക് മാര്‍ച്ച് 9നാണ് അന്തരിച്ചത്. 66 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യമെന്നായിരുന്നു റിപ്പോര്‍ട്ട്. സതീഷ് കൗശികിന്റെ അപ്രതീക്ഷിത വിയോഗം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ആരാധകരെയും ഒരു പോലെ ഞെട്ടിച്ചു.

സതീഷ് ഭാര്യ ശശി കൗശിക്കിനും 11 വയസ്സുള്ള മകൾ വന്‍ഷികയ്ക്കും ഒപ്പമാണ് താമസിച്ചിരുന്നത്. പിതാവിന്റെ മരണത്തിന് പിന്നാലെ വന്‍ഷിക തന്റെ പിതാവിനൊപ്പം നില്‍ക്കുന്ന ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. മാത്രവുമല്ല സതീഷിന്റെ ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റുകളില്‍ മകളെ ടാഗ് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വന്‍ഷികയുടെ അക്കൌണ്ട് അപ്രത്യക്ഷമായിരിക്കുകയാണ്. വന്‍ഷികയുടെ അക്കൌണ്ട് @vanshika_kaesthetic എന്ന പേരിലാണ് ഉണ്ടായിരുന്നത്.

അതേ സമയം സതീഷ് കൗശിക്കിന്റെ മരണം സംബന്ധിച്ച് വിവാദം തലപൊക്കിയിട്ടുണ്ട്. ഒരു സ്‍ത്രീ തന്റെ ഭര്‍ത്താവാണ് സതീഷ് കൗശികിനെ കൊലപ്പെടുത്തിയതെന്ന് പരാതിയുമായി രംഗത്ത് എത്തിയത് വിവാദമായിരുന്നു. ഇതുമായി സതീഷ് കൗശിക്കിന്റെ മകളുടെ ഇന്‍സ്റ്റഗ്രാം അപ്രത്യക്ഷമായതും തമ്മില്‍ ബന്ധമുണ്ടോ എന്ന ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.

സതീഷ് കൗശിക് നല്‍കിയ 15 കോടി രൂപ തിരിച്ചു ചോദിച്ചതിനാണ് ഭര്‍ത്താവ് നടനെ കൊന്നത് എന്നാണ് പരാതിക്കാരിയായ സ്‍ത്രീ പറയുന്നത്. സതീഷ് കൗശിക്കിനെ തന്റെ ഭര്‍ത്താവ് ഗുളികകള്‍ നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ദില്ലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യവസായിയുടെ ഭാര്യ പരാതിയില്‍ പറയുന്നത്. ദില്ലി പൊലീസ് കമ്മിഷണറുടെ ഓഫീസില്‍ ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. സതീഷ് കൗശിക് അവസാനമായി പങ്കെടുത്ത സ്വകാര്യ പാര്‍ട്ടി നടന്ന ഫാം ഹൗസില്‍ നിന്ന് പൊലീസ് ചില മെഡിസിനുകള്‍ കണ്ടെത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇത് കരുതിക്കൂട്ടിയുള്ള കൊലപാതകം ആയിരുന്നു എന്നാണ് പരാതിക്കാരിയായ സ്‍ത്രീ പറയുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 23ന് കൗശിക് തന്റെ വീട് സന്ദര്‍ശിക്കുകയും നേരത്തെ നല്‍കിയ 15 കോടി തിരിച്ചുവേണമെന്ന് ഭര്‍ത്താവിനോട് ആവശ്യപ്പെടുകയും ചെയ്‍തിരുന്നു. സതീഷ് കൗശികും ഭര്‍ത്താവും തര്‍ക്കിച്ചതിന് താൻ സാക്ഷിയാണ്. ദുബായില്‍ കൗശിക് ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിന്റെ ഫോട്ടോയും പൊലീസിന് നല്‍കിയ പരാതിക്കാരി അന്ന് അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ മകനും ഉണ്ടായിരുന്നുവെന്നും പറയുന്നു.

പണം വൈകാതെ തിരിച്ചുനല്‍കാം എന്ന് തന്റെ ഭര്‍ത്താവ് കൗശികിനോട് പറഞ്ഞിരുന്നതായും സ്‍ത്രീ പൊലീസിനെ അറിയിച്ചു. കഴിഞ്ഞ ദിവസം ദില്ലി പൊലീസ് ഈ സ്ത്രീയെ ചോദ്യം ചെയ്തുവെന്നാണ് വിവരം. താൻ അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ കൊവിഡ് കാലത്ത് പണം അദ്ദേഹത്തിന് നഷ്‍ടപ്പെട്ടുവന്നാണ് പറഞ്ഞത്. സതീഷ് കൗശിക്കിനെ ഒഴിവാക്കാൻ പോകുകയാണ് എന്ന് ഭര്‍ത്താവ് പറഞ്ഞിരുന്നുവെന്നും പരാതിക്കാരിയായ സ്ത്രീ പൊലീസിനോട് വ്യക്തമാക്കിയെന്നാണ് വിവരം.

Top