ദ്രാവിഡ് ഇടക്കാല പരിശീലകനായേക്കുമെന്ന് റിപ്പോര്‍ട്ട്

മുംബൈ: രവി ശാത്രി സ്ഥാനമൊഴിയുമ്പോള്‍ പകരം ബിസിസിഐക്ക് താത്പര്യം ഇന്ത്യന്‍ പരിശീലകനെയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ പരിശീലകനാണെങ്കില്‍ ആഭ്യന്തര താരങ്ങളുമായുള്ള ആശയവിനിമയം അടക്കമുള്ള കാര്യങ്ങള്‍ സുഗമമായി നടക്കുമെന്നാണ് ബിസിസിഐയുടെ നിലപാട്.

ഒരു മുഴുവന്‍ സമയ ജോലിയാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം. ഐപിഎല്‍ പോലെ മാസങ്ങള്‍ മാത്രം നീളുന്ന ഒന്നല്ല. അതും ഇന്ത്യന്‍ പരിശീലകനെ പരിഗണിക്കാന്‍ ബിസിസിഐയെ പ്രേരിപ്പിക്കുന്നുണ്ട്.

പഞ്ചാബ് കിംഗ്‌സ് പരിശീലകന്‍ അനില്‍ കുംബ്ലെ, സണ്‍റൈസേഴ്‌സ് പരിശീലക സംഘത്തിലുള്ള വിവിഎസ് ലക്ഷ്മണ്‍, ദേശീയ ക്രിക്കറ്റ് അക്കാദമി മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് എന്നീ മുന്‍ താരങ്ങളൊക്കെ ബിസിസിഐയുടെ പരിഗണനയിലുണ്ട്.

ഇന്ത്യന്‍ പരിശീലകനാവാന്‍ താത്പര്യമില്ലെന്ന നിലപാട് എടുത്തിട്ടുണ്ടെങ്കിലും ടീമിന്റെ ഇടക്കാല പരിശീലകനായി ദ്രാവിഡിനെ ബിസിസിഐ പരിഗണിക്കുന്നു എന്നും സൂചനകളുണ്ട്. ടി-20 ലോകകപ്പിനു ശേഷമുള്ള ഇന്ത്യയുടെ ന്യൂസീലന്‍ഡ് പര്യടനത്തില്‍ ദ്രാവിഡ് ആയിരിക്കും ഇന്ത്യയുടെ പരിശീലകന്‍.

 

Top