ജവാനിൽ വിജയ് സേതുപതിക്ക് വമ്പൻ പ്രതിഫലമെന്ന് റിപ്പോർട്ടുകൾ 

ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജവാൻ’. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധനേടിയിരുന്നു. ജവാനുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. ആറ്റ്ലിയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയായ ജവാനിൽ വിജയ് സേതുപതിയും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിൽ അഭിനയിക്കാൻ വിജയ് സേതുപതിക്ക് വമ്പൻ പ്രതിഫലമാണ് ലഭിക്കുന്നതെന്ന വിവരമാണ് പുറത്തുവരുന്നത്.

21 കോടിയാണ് സിനിമയിലെ വിജയ് സേതുപതിയുടെ പ്രതിഫലം. താരം തന്റെ സിനിമാ കരിയറിൽ ഒരു സിനിമയ്ക്കായി വാങ്ങുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫല തുകയാണിതെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. സിനിമയിലെ കഥാപാത്രം നടന് ഏറെ ഇഷ്ടപ്പെട്ടുവെന്നും ജവാനായി വിജയ് സേതുപതി രണ്ട് സിനിമകൾ ഉപേക്ഷിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. ജവാനിൽ ഷാരൂഖ് ഖാന്റെ വില്ലനായാണ് സേതുപതി എത്തുക.

അതേസമയം, ചിത്രത്തിന്റെ ഒടിടി സ്ട്രീമിം​ഗ് അവകാശം നെറ്റ്ഫ്ലിക്സ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. 120 കോടിക്കാണ് സ്ട്രീമിങ് അവകാശം സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്. അടുത്ത വര്‍ഷം ജൂലൈയിൽ ജവാൻ പ്രേക്ഷർക്ക് മുന്നിലെത്തും.

Top