ബ്രിജ്ഭൂഷണെതിരായ പരാതി; പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടി മൊഴി മാറ്റിയതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : ബ്രിജ്‌ ഭൂ‌ഷണെതിരെ ലൈംഗിക അതിക്രമ പരാതി നല്‍കിയ പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടി മൊഴി മാറ്റിയതായി റിപ്പോര്‍ട്ട്. ബ്രിജ് ഭൂഷണ്‍ ലൈംഗിക അതിക്രമം നടത്തിയെന്ന മൊഴി തിരുത്തി പരാതിക്കാരി മജിസ്‌ട്രേറ്റിന് മുന്നില്‍ പുതിയ മൊഴി നല്‍കിയെന്നാണ് വിവരം.

പുതിയ മൊഴി പൊലീസ് കോടതിക്ക് കൈമാറും. ബ്രിജ് ഭൂഷണ്‍ നടത്തിയ ലൈംഗിക അതിക്രമങ്ങള്‍ വിവരിച്ച് പെണ്‍കുട്ടി നേരത്തെ മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയിരുന്നു. രണ്ട് മൊഴികളില്‍ ഏത് സ്വീകരിക്കണമെന്ന് കോടതി തീരുമാനിക്കും.

അതേ സമയം, ഗുസ്തി താരങ്ങളുടെ സമരത്തില്‍ നിന്നും സാക്ഷി മാലിക് പിന്മാറിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് വ്യക്തമാക്കി സാക്ഷി തന്നെ രംഗത്ത് വന്നിരുന്നു. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ തങ്ങള്‍ ആരും പിന്നോട്ടില്ലെന്ന് സാക്ഷി അറിയിച്ചു. സത്യാഗ്രഹത്തോടൊപ്പം റെയില്‍വേയിലെ തന്റെ ഉത്തരവാദിത്വവും നിറവേറ്റുകയാണെന്നും സാക്ഷി വ്യക്തമാക്കി.

നീതി ലഭിക്കും വരെ പോരാട്ടം തുടരും. ദയവായി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും സാക്ഷി മാലിക് അഭ്യര്‍ത്ഥിച്ചു.

Top