മ്യാൻമാർ: സൂ ചിയുടെ ശിക്ഷ 2 വർഷമായി പട്ടാള ഭരണകൂടം കുറച്ചു

Aung San Suu Kyi

യാങ്കൂൺ: മ്യാൻമറിൽ പട്ടാളം പുറത്താക്കിയ ജനകീയ നേതാവ് ഓങ് സാൻ സൂ ചിയെ (76) പ്രത്യേക കോടതി 4 വർഷം തടവിനു ശിക്ഷിച്ചു. മണിക്കൂറുകൾക്കകം, ശിക്ഷ 2 വർഷമായി പട്ടാള ഭരണകൂടം ഇളവു ചെയ്തതായി മ്യാൻമർ ടിവി റിപ്പോർട്ട് ചെയ്തു. ഇതോടെ സൂ ചിക്കു ജയിൽ ശിക്ഷ ഉണ്ടാവില്ലെന്നാണു സൂചന. പക്ഷേ, നിലവിലുള്ള വീട്ടുതടങ്കൽ തുടരും.

അക്രമത്തിനു പ്രേരിപ്പിച്ചു, കോവിഡ് ചട്ടം ലംഘിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണു ശിക്ഷ. കഴിഞ്ഞ ഫെബ്രുവരി ഒന്നിന് പട്ടാളം അധികാരം പിടിച്ചതിനുശേഷം സൂ ചിക്കെതിരെ ചുമത്തിയ ഒട്ടേറെ കേസുകളിൽ ആദ്യ രണ്ടെണ്ണത്തിലെ വിധിയാണിത്. മറ്റു കേസുകളിൽ അടുത്ത ആഴ്ചയോടെ വിധി വന്നേക്കാം. എല്ലാ കേസുകളിലും ശിക്ഷിക്കപ്പെട്ടാൽ, സമാധാന നൊബേൽ ജേതാവായ സൂ ചിക്കു 100 വർഷത്തിലേറെ ജയിലിൽ കഴിയേണ്ടിവരാം. അജ്ഞാത കേന്ദ്രത്തിലാണു സൂ ചിയെ തടവിലാക്കിയിരിക്കുന്നത്.

സൂ ചി ഇതിനകം 10 മാസം തടവ് അനുഭവിച്ചതിനാൽ അക്രമത്തിനു പ്രേരിപ്പിച്ചു എന്ന കേസിൽ ഇനി ഒരു വർഷവും 2 മാസവും മാത്രം തടവു മതിയെന്ന് ആദ്യം വിധിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ നിയമവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു. എന്നാൽ, മാപ്പാക്കിയതിനാലാണു ശിക്ഷ ഇളവു ചെയ്തതെന്ന് സർക്കാ‍ർ ടിവി റിപ്പോർട്ട് ചെയ്തു. സൂ ചിയുടെ നാഷനൽ ലീഗ് ഫോർ ഡമോക്രസി രണ്ടാം വട്ടവും അധികാരത്തിലേറിയതിനു പിന്നാലെയാണു പട്ടാളം അധികാരം പിടിച്ചത്.

Top