റഫ അതിര്‍ത്തി ശനിയാഴ്ച തുറക്കുമെന്ന് റിപ്പോര്‍ട്ട്

കെയ്‌റോ: ഗാസയിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ റഫ അതിര്‍ത്തി ശനിയാഴ്ച തുറക്കുമെന്ന് റിപ്പോര്‍ട്ട്. റഫ അതിര്‍ത്തി തുറക്കാന്‍ ധാരണയായെന്നും ദിവസവും 20 ട്രക്കുകള്‍ വീതം ഗാസയിലേക്ക് പ്രവേശിക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച രാവിലെയും റഫ അതിര്‍ത്തി തുറന്നിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്.

ഹമാസ്-ഇസ്രയേല്‍ യുദ്ധം തുടങ്ങിയതിന് പിന്നാലെ തന്നെ ഗാസയിലേക്ക് സഹായം എത്തിക്കാന്‍ റഫ അതിര്‍ത്തി തുറക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ലോകരാഷ്ട്രങ്ങളും ഐക്യരാഷ്ട്രസഭയും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും റഫ അതിര്‍ത്തി വഴിയുള്ള സഹായനീക്കം ഇതുവരെ പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചിട്ടില്ല.

ഇതിനിടെ അല്‍ ആരിഷ് എയര്‍പോര്‍ട്ടില്‍ ഈജിപ്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. ഗാസയിലേക്കുള്ള മരുന്നും ഭക്ഷണവും വെള്ളവും ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട് ഒരു അധികലാന്‍ഡിങ്ങ് സ്ട്രിപ്പ് കൂടി അല്‍ ആരിഷ് വിമാനത്താവളത്തില്‍ തുറന്നിട്ടുണ്ട്. ഗാസയിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിന് സഹായ ഇടനാഴി തുറക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ക്കായി ഐക്യരാഷ്ട്രസഭ തലവന്‍ അന്റോണിയോ ഗുട്ടറസ് നേരത്തെ കെയ്‌റോയില്‍ എത്തിയിരുന്നു.

Top